Site iconSite icon Janayugom Online

ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനം 26ന് തിരൂരില്‍; മുഖ്യമന്ത്രി പങ്കെടുക്കും

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നയിക്കുന്ന കിക്ക് ഡ്രഗ്സ്- സേ യെസ് റ്റു സ്പോര്‍ട്സ് ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനം 26ന് വൈകിട്ട് 3.30ന് തിരൂരില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ചെയര്‍മാനും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷര്‍ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. സര്‍വീസ് സംഘടനകള്‍, കായിക അസോസിയേഷനുകള്‍, ട്രേഡ് യൂണിയനുകള്‍, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്പിസി, ജെആര്‍സി, ട്രോമ കെയര്‍, സന്നധസംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും സംഘാടകസമിതി അംഗങ്ങളാണ്. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ എഡിഎം എന്‍ എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി ആര്‍ അര്‍ജുന്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സി സുരേഷ്, പി ഋഷികേശ് കുമാര്‍, കെ അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരൂരില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ചെയര്‍മാനും തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കൈനിക്കര ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംഘാടകസമിതിയുടെ യോഗം 19ന് വൈകിട്ട് നാലിന് തിരൂര്‍ ഖലീസ് ഹോട്ടലില്‍ ചേരും. 26ന് രാവിലെ ആറിന് പെരിന്തല്‍മണ്ണയില്‍ മാരത്തോണും ഏഴിന് വാക്കത്തോണും നടക്കും. തുടര്‍ന്ന് കായികവകുപ്പ് മന്ത്രിയുടെ കിക്ക് ഡ്രഗ്സ്- സേ യെസ് റ്റു സ്പോര്‍ട്സ് എന്ന ലഹരി വിരുദ്ധ സന്ദേശയാത്രയെ സ്വീകരിക്കും. 11 മണിയോടെ സന്ദേശയാത്ര മലപ്പുറത്തെത്തും. തിരൂരില്‍ മുഖ്യമന്ത്രിയും കായിക വകുപ്പ് മന്ത്രിയും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന സംസ്ഥാനതല സമാപന പരിപാടിയില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വാക്കത്തോണ്‍, കളറിംഗ് മത്സരം, ആയോധന കലകളുടെ പ്രദര്‍ശനങ്ങള്‍, ഫ്ളാഷ് മോബ്, ബോഡിബില്‍ഡിംഗ് മോഡലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, സൈക്ലിംഗ്, നൃത്ത- നൃത്തങ്ങള്‍, ഗാനമേള തുടങ്ങിയ വിവിധ കലാപ്രകടനങ്ങള്‍ നടക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി വിശദീകരണം തുടങ്ങിയ പരിപാടികളും സമാപനച്ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version