എപ്പോഴുമുള്ള നേതൃമാറ്റ ചർച്ച പാർട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആരോഗ്യപ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എംപിയാവാന്‍ ആരോഗ്യമുണ്ടല്ലോ. അധ്യക്ഷനാകാനും ആരോഗ്യമുണ്ട്. രാഷ്ട്രീയത്തിലാവുമ്പോള്‍ പലര്‍ക്കും താല്‍പര്യങ്ങള്‍ ഉണ്ടാവും. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതാണ് പാര്‍ട്ടി താല്‍പര്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ആവേശത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം വാര്‍ത്ത വരുന്നത് ഗുണകരമല്ല. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതെല്ലാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. നേതൃമാറ്റ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

