Site iconSite icon Janayugom Online

രാജ്യത്തിന്റെ കൂട്ടായ സ്വത്വത്തിന്റെ അടിത്തറ ഭരണഘടന: രാഷ‍്ട്രപതി

രാജ്യത്തിന്റെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടനയെന്ന് രാഷ‍്ട്രപതി ദ്രൗപദി മുര്‍മു. ഒരു കുടുംബം പോലെ ഭരണഘടന നമ്മെ ബന്ധിപ്പിക്കുന്നെന്നും രാഷ്ട്രപതി റിപ്പബ‍്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ ഇന്ത്യയുടെ നാഗരിക പാരമ്പര്യത്തില്‍ ഒഴിവാക്കാനാകാത്ത ഘടകമാണ്. നൂറുകണക്കിന് വര്‍ഷങ്ങളായി പൗരധര്‍മ്മങ്ങള്‍ രാജ്യത്തിന്റെ ധാര്‍മ്മികതയുടെ ഭാഗമായതിനാല്‍ ഭരണഘടന ചൈതന്യമുള്ള രേഖയായി മാറിയിരിക്കുന്നു. ശക്തവും ദീര്‍ഘകാലലക്ഷ്യമുള്ളതുമായ സാമ്പത്തിക പരിഷ‍്കാരങ്ങള്‍ അടുത്ത വര്‍ഷങ്ങളിലും പുരോഗതി നിലനിര്‍ത്തും. ക്ഷേമത്തെ ഈ സര്‍ക്കാര്‍ പുതിയരീതിയില്‍ അവതരിപ്പിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമാക്കി.
കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന ശ്രമങ്ങള്‍, ക്ഷേമ പദ്ധതികള്‍, ഭരണപരിഷ‍്കാരങ്ങള്‍ എന്നീ കാര്യങ്ങളും പ്രസംഗത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഒളിംപിക‍്സ്, പാരാലിംപിക‍്സ് നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് കായിക മുന്നേറ്റങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ഏറ്റവും പ്രായംകുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ കിരീടം നേടിയ ഡി ഗൂകേഷിനെ പ്രശംസിച്ചു. ബഹിരാകാശത്ത് അടുത്തകാലത്ത് ഐഎസ‍്ആര്‍ഒ വരിച്ച നേട്ടങ്ങളെയും രാഷ്ട്രപതി അഭിനന്ദിച്ചു. 

Exit mobile version