Site iconSite icon Janayugom Online

ഉയര്‍ന്ന ചെലവ്: സബ്സിഡി കുറവ് സോളാര്‍ വെളിച്ചം മങ്ങുന്നു

solarsolar

സബ്സിഡികള്‍ നല്‍കിയിട്ടും രാജ്യത്ത് സോളാര്‍ റൂഫ് ടോപ്പുകള്‍ സ്ഥാപിക്കുന്നതിന് ചെലവേറുന്നതായി റിപ്പോര്‍ട്ട്. 21 സംസ്ഥാനങ്ങളിലായി 14,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കുറഞ്ഞ വൈദ്യുതി ഉപഭോഗം, കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതികള്‍ക്ക് തുടരുന്ന സബ്സിഡി എന്നിവയാണ് സൗരോര്‍ജം ചെലവേറിയതാകാൻ കാരണമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ എനര്‍ജി, എൻവയോണ്‍മെന്റ് ആന്റ് വാട്ടര്‍ (സിഇഇഡബ്ല്യു) കണ്ടെത്തി. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് ഇത് തിരിച്ചടിയാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്,

രാജ്യത്ത് 25 മുതല്‍ 30 കോടി വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചാല്‍ 637 ഗിഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജം ഉല്പാദിപ്പിക്കാൻ സാധിക്കുമായിരുന്നു. നിലവില്‍ ഇന്ത്യ 11 ഗിഗാവാട്ടിന്റെ സൗരോര്‍ജമാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ 2.7 ഗിഗാവാട്ട് മാത്രമാണ് വീടുകളില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇത് 40 ഗിഗാവാട്ട് ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
80 മുതല്‍ 85 ശതമാനം കുടുംബങ്ങളും പ്രതിവര്‍ഷം 1,200 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ സംസ്ഥാനങ്ങള്‍ സബ്സിഡി നല്‍കുന്നുണ്ടെന്നും സിഇഇഡബ്ല്യൂവിലെ സീനിയര്ഡ പ്രോഗ്രാം ലീഡ് നീരജ് കുല്‍ദീപ് അറിയിച്ചു. കുറഞ്ഞ വൈദ്യുതി ഉപയോഗമുള്ളവര്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ഇന്‍സെന്റീവുകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് കിലോവാട്ട് വരെയുള്ളവയ്ക്കുള്ള പാനല്‍ സ്ഥാപിക്കുന്നതിന് യൂണിറ്റിന് 43,000 രൂപ വരെ ചെലവ് വരുമെന്നും മൂന്ന് കിലോവാട്ടിന് മുകളില്‍ ഉള്ളവയ്ക്ക് യൂണിറ്റിന് 14,000 രൂപ നിരക്കില്‍ സബ്സിഡി അനുവദിക്കുന്നതായും പുനരുപയോഗ ഊര്‍ജ മന്ത്രാലയം വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉള്ളത്. ഇവിടങ്ങളില്‍ 363 ഗിഗാവാട്ട് ഊര്‍ജം നിര്‍മ്മിക്കാൻ സാധിക്കുമ്പോള്‍ നഗരങ്ങളില്‍ 274 ഗിഗാവാട്ടാണ് സംഭരണശേഷി.
2010ല്‍ രാജ്യത്ത് 2,000 മെഗാവാട്ട് സൗരോര്‍ജ നിര്‍മ്മാണ ശേഷിയാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ ഇത് 72,018 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും കൂടുതല്‍ സബ്സിഡികളും സൗജന്യങ്ങളും നല്‍കേണ്ടതുണ്ടെന്നും സിഇഇഡബ്ല്യു പറയുന്നു. 

Eng­lish Sum­ma­ry: The cost of installing solar roof tops in the coun­try is increasing

You may also like this video

Exit mobile version