Site iconSite icon Janayugom Online

ഭാരതമാക്കാന്‍ വില ഏറെ; 14,304 കോടി ചെലവെന്ന് സാമ്പത്തിക വിദഗ്ധര്‍

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യ എന്ന പേര് നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ ഭാരതം എന്ന് മാറ്റുന്നതിന് രാജ്യം ഏറെ വില നല്‍കേണ്ടിവരും. ഭാരത് എന്നാക്കി മാറ്റുന്നതിലൂടെ ഭൂപടങ്ങളിലും റോഡ് ഗതാഗത സംവിധാനങ്ങളിലും മറ്റ് അടയാളങ്ങളിലും പേര് മാറ്റണം.
സര്‍ക്കാര്‍ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളും വില നല്‍കേണ്ടി വന്നേക്കുമെന്നാണ് നാമമാറ്റം കൊണ്ടുവന്ന പല രാജ്യങ്ങളുടെയും ചരിത്രം വ്യക്തമാക്കുന്നത്. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

2018ല്‍ സ്വാസിലാൻഡ് ഭരണാധികാരി രാജ്യത്തിന്റെ പേര് എസ്വറ്റീനി എന്നാക്കി മാറ്റിയപ്പോള്‍ ഭൗതിക സ്വത്തവകാശ നിയമവിദഗ്ധൻ ഡാരൻ ഒലീവിയര്‍ ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കാക്കിയിരുന്നു. ഒരു വലിയ വ്യാപാര ശൃംഖലക്ക് മാര്‍ക്കറ്റിങിനായി അതിന്റെ വരുമാനത്തിന്റെ ആറ് ശതമാനമാണ് ചെലവായി വരുന്നത്. സ്ഥാപനത്തെ റീബ്രാൻഡിങ് ചെയ്യുന്നതിനായി മാര്‍ക്കറ്റിങ് തുകയുടെ 10 ശതമാനം ചെലവാകും. അങ്ങനെ നോക്കിയാല്‍ സ്വാസിലാൻഡ് എസ്വറ്റീനി എന്നാക്കി മാറ്റുമ്പോള്‍ 600 ലക്ഷം യുഎസ് ഡോളറാണ് ചെലവാകുക എന്ന് അദ്ദേഹം വിലയിരുത്തി. 

23.84 ലക്ഷം കോടിയാണ് ഇന്ത്യയുടെ ആകെ റവന്യൂ വരുമാനം. ഒലീവിയര്‍ രീതി പരിഗണിച്ചാല്‍ ഇന്ത്യ ഭാരത് ആയി മാറുമ്പോള്‍ 14,304 കോടിയാകും ചെലവെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഒരുമാസം ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള ചെലവിനെ ഇത് മറികടക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക ചെലവുകള്‍ക്ക് പുറമേ ഭരണഘടനയിലും ഭേദഗതി വരുത്തേണ്ടി വരും. 1972 ല്‍ സിലോണ്‍ എന്ന പേരുമാറ്റിയ ശ്രീലങ്കയ്ക്ക് സര്‍ക്കാര്‍ രേഖകളില്‍ നിന്നും മറ്റും ആദ്യപേര് ഒഴിവാക്കാന്‍ നാല് പതിറ്റാണ്ടുകള്‍ വേണ്ടിവന്നിരുന്നു.
നേരത്തെ നിരവധി നഗരങ്ങളുടെ പേരുകള്‍ ബിജെപി സര്‍ക്കാരുകള്‍ മാറ്റിയിരുന്നു. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ ഔറംഗാബാദിനെ ഛത്രപതി സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ഒസ‌്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കിയും മാറ്റി. മുന്‍ വര്‍ഷങ്ങളില്‍ അലഹബാദിനെ പ്രയാഗ്‌രാജും ഗുഡ്ഗാവിനെ ഗുരുഗ്രാമവുമാക്കി. അലഹബാദിന്റെ പേരുമാറ്റം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 300 കോടി രൂപയുടെ ചെലവുണ്ടാക്കിയിരുന്നുവെന്നാണ് കണക്കുകള്‍.

അഭ്യൂഹമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കാന്‍ ശ്രമിക്കുന്നുവെന്നത് വെറും അഭ്യൂഹങ്ങളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. എന്തിനാണ് ഭാരത് വിരുദ്ധ മാനസികാവസ്ഥയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ബിജെപിക്കെതിരെ രൂപപ്പെട്ട സഖ്യത്തിന് ‘ഇന്ത്യ’യെന്ന് പേരിട്ടതോടെയാണ് രാജ്യത്തിന്റെ പേരില്‍നിന്ന് ‘ഇന്ത്യ’ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണമുണ്ടായത്. സമൂഹമാധ്യമങ്ങളിലടക്കം കേന്ദ്രനീക്കത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry; The cost of mak­ing India is high; 14,304 crore cost, accord­ing to economists

You may also like this video

Exit mobile version