മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ ഇന്ത്യയിലേക്ക്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ യുഎസിൽ നിന്നും യാത്രതിരിച്ച റാണ ഇന്ത്യ അതിർത്തി കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അകമ്പടിയിലാണ് റാണയെ കൊണ്ടുവരുന്നത്.
റാണയെ കൊണ്ടുവരുന്ന വിമാനത്തിന്റെ റൂട്ട് കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങൾ വിലയിരുത്തി. തഹാവൂർ റാണയെ കൊണ്ടുവരുന്ന റൂട്ടിലടക്കം അർധസൈനികരുടെ സുരക്ഷ വിന്യാസവും ഒരുക്കിയിട്ടുണ്ട്. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം റാണയെ കൊണ്ടുവരുന്നത്. ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് തഹാവൂർ റാണയിലൂടെ തെളിവ് ശേഖരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നടത്തിയ പല നീക്കങ്ങളും നേരിട്ടറിയാവുന്ന തഹാവൂർ റാണയിൽ നിന്ന് ഇക്കാര്യം ശേഖരിക്കാനാകും കേന്ദ്ര ഏജൻസികളുടെ നീക്കം.

