Site iconSite icon Janayugom Online

രാജ്യത്തെ നയതന്ത്രദൗത്യങ്ങള്‍ ഓഡിറ്റിന് വിധേയമാക്കുന്നു

രാജ്യത്തെ ഓരോ നയതന്ത്ര ദൗത്യവും ഒ‍ാഡിറ്റിന് വിധേയമാക്കാനും ഇന്ത്യന്‍ എംബസികളുടെ ആഭ്യന്തരസംവിധാനങ്ങള്‍ പുതുക്കാനും പാര്‍ലമെന്ററി പാനല്‍ ശുപാര്‍ശ ചെയ്തേക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിയമലംഘനങ്ങളും നടപടിക്രമങ്ങളില്‍ വീഴ്ചയും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശുപാര്‍ശയെക്കുറിച്ച് പാര്‍ലമെന്ററി പാനല്‍ ആലോചിക്കുന്നത്. ഒ‌ാരോ നയതന്ത്രദൗത്യവും മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ഒ‌ാഡിറ്റിന് വിധേയമാക്കുന്നതാണ് പരിഗണിക്കുന്നത്. ലണ്ടന്‍ ഹൈക്കമ്മിഷനിലെ ചില ഉദ്യോഗസ്ഥര്‍ ഒരു പ്രോപ്പര്‍ട്ടി ഡെവലപ്പറില്‍ നിന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയും രേഖാമൂലമുള്ള ന്യായീകരണവുമില്ലാതെ, നഷ്ടപരിഹാരം സ്വീകരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ രസീതുകള്‍ സ്വീകരിക്കാനും സൂക്ഷിക്കാനും നയതന്ത്രദൗത്യ ചെലവുകള്‍ക്കായി അവ വിനിയോഗിക്കാനും സ്വകാര്യ കക്ഷിക്ക് അനുവാദം നല്‍കിയെന്നും ലണ്ടനിലെ ഇന്ത്യാ ഹൗസിന്റെ ബേസ്മെന്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതി കൂടാതെ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാര്‍ലമെന്ററി പാനല്‍ അംഗീകരിച്ച കരട് റിപ്പോര്‍ട്ടില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ വിമര്‍ശിക്കുന്നു. മന്ത്രാലയം ശിക്ഷാനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനാവശ്യമായ തെളിവുകളില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം വേദനാജനകമാണ്. ഒ‌ാഡിറ്റ് നിയമങ്ങളുടെ വ്യക്തമായ ലംഘനമുണ്ടായിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് പാനല്‍ കുറ്റപ്പെടുത്തുന്നു. എംബസികളില്‍ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിക്കപ്പെടുന്നത് ഇതാദ്യമല്ലെന്നും പാനല്‍ നിരീക്ഷിച്ചു. ഇക്കാര്യങ്ങളില്‍ ശക്തമായ നടപടികളുണ്ടാകണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തണമെന്നും പാനല്‍ കരട് റിപ്പോര്‍ട്ടില്‍ മന്ത്രാലയത്തോടാവശ്യപ്പെട്ടു.
ആന്തരിക ഒ‍ാഡിറ്റ് സംവിധാനത്തില്‍ അതിന്റെ നിയമാവലികളും ടേംസ് ഒ‍ാഫ് റഫറന്‍സുമെല്ലാം ഇടപാടുകളുടെ സമഗ്രതയും വ്യവസ്ഥാപിതനിയമങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. അഞ്ച് വര്‍ഷത്തെ അത്തരം ഒ‌ാഡിറ്റുകളും അതിലെ കണ്ടെത്തലുകളും പാര്‍ലമെന്ററി പാനല്‍ വിലയിരുത്തണമെന്നും പാനല്‍ കമ്മിറ്റി നിര്‍ദേശിച്ചേക്കും. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതിനാല്‍ ആന്തരിക ഒ‌ാഡിറ്റ് സംവിധാനം അത്യന്താപേക്ഷിതമാണ്. നയതന്ത്രദൗത്യങ്ങളിലെ അപകടസാധ്യതകള്‍, ദുര്‍ബലതകള്‍ എന്നിവ കണ്ടെത്തുന്നതിന് ആഭ്യന്തര ഒ‌‌ാഡിറ്റ് സഹായിക്കുമെന്നും പാര്‍ലമെന്ററി പാനല്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version