Site iconSite icon Janayugom Online

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനം

രാജ്യത്തെ 15ന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസം 5.1 ശതമാനമാണെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ. ത്രൈമാസം പുറത്തിറക്കിയിരുന്ന സര്‍വേ മേയ് മുതലാണ് പ്രതിമാസം പുറത്തിറക്കാന്‍ തുടങ്ങിയത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ 5.2 ശതമാനവും സ്ത്രീകളുടേത് അഞ്ചും ആയിരുന്നു. എല്ലാ പ്രായത്തിലുമുള്ളവരുടെ തൊഴിലില്ലായ്മ, ഗ്രാമങ്ങളില്‍ 4.5 ശതമാനവും നഗരങ്ങളിലേത് 6.5 ശതമാനവുമാണ്. 15നും 29നും ഇടയില്‍ പ്രായമുള്ള യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളില്‍ 23.7 ശതമാനമായിരുന്നു. 

15ന് മുകളില്‍ പ്രായമുള്ളവരില്‍ 55.6 ശതമാനം, ഏപ്രിലില്‍ ജോലി ചെയ്യുകയോ, സജീവമായി തൊഴില്‍ അന്വേഷിക്കുകയോ ചെയ്തിരുന്നായും ഡാറ്റ പറയുന്നു. തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്‍പിആര്‍) ഗ്രാമങ്ങളില്‍ 58 ശതമാനവും നഗരങ്ങളില്‍ 50.7 ശതമാനവും ആയിരുന്നു. പുരുഷന്മാരെ സംബന്ധിച്ച് ഗ്രാമങ്ങളില്‍ ഇത് 79ഉം നഗരങ്ങളില്‍ 75.3 ശതമാനവും. സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഗ്രാമങ്ങളില്‍ 38.2, നഗരങ്ങളില്‍ 25.7 ശതമാനം. ഗ്രാമങ്ങളില്‍ 15 വയസിനുമുകളില്‍ പ്രായമുള്ളവരുടെ തൊഴിലാളി ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആര്‍) ഏപ്രിലില്‍ 55.4 ശതമാനമായിരുന്നു. നഗരങ്ങളിലിത് 47.4 ശതമാനവും. രാജ്യാന്തരതലത്തില്‍ 52.8 ശതമാനവും. ഇതേ പ്രായത്തിലുള്ള സ്ത്രീകളുടെ ഡബ്ല്യുപിആര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാക്രമം 36.8 ശതമാനവും 23.5 ശതമാനവും ആയിരുന്നു. രാജ്യാന്തര തലത്തിലിത് 32.5 ശതമാനം ആയിരുന്നെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ രേഖ പറയുന്നു. 

Exit mobile version