Site iconSite icon Janayugom Online

സി പി ഐ സ്ഥാപകദിനം ആചരിച്ചു

ഇന്ത്യയില്‍ സി പി ഐ രൂപീകരിച്ചതിന്റെ 96ാം വാര്‍ഷികം സംസ്ഥാനത്ത് സമുചിതം ആചരിച്ചു. പാര്‍ട്ടി ഓഫീസുകളില്‍ രക്തപതാക ഉയര്‍ത്തിയാണ് ദിനാചരണം നടത്തിയത്. ജില്ലാ കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ ചേര്‍ന്നു. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ ചേര്‍ന്ന വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ സമ്മേളനമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു പതാക ഉയര്‍ത്തി. ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തിപ്പെടുത്തുകയാണ് ഇന്നത്തെ അടിയന്തര കടമയെന്ന് പ്രകാശ്ബാബു പറഞ്ഞു. അതിനാണ് സി പി ഐ ശ്രമിക്കുന്നത്. 96 വര്‍ഷത്തെ അനുഭവ സമ്പത്ത് അതിന് കരുത്ത് പകരുന്നു. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും മുന്നില്‍ നിന്നിട്ടുണ്ടെന്ന കാര്യം പ്രകാശ്ബാബു അനുസ്മരിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സോളമന്‍ വെട്ടുകാട്, എം ജി രാഹുല്‍, മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, നവയുഗം പത്രാധിപര്‍ ആര്‍ അജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: The CPI cel­e­brat­ed its found­ing day

You may like this video also

Exit mobile version