കേന്ദ്രത്തിന്റെ ജനവിരുദ്ധ, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ നടത്തിയ നീണ്ട പോരാട്ടത്തില്‍ വിജയം കൈവരിച്ച കര്‍ഷകരെയും കര്‍ഷക സംഘടനകളെയും അനുമോദിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. 378 ദിവസം നീണ്ട പോരാട്ടത്തിന് നേതൃത്വം നല്‍കിയ കര്‍ഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) എന്നിവര്‍ക്കും സിപിഐ അനുമോദനങ്ങള്‍ അറിയിച്ചു.
ഒന്നരവര്‍ഷത്തിലേറെ നീണ്ടു നിന്ന പോരാട്ടത്തില്‍ കര്‍ഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭ എന്നിവര്‍ സ്തുത്യർഹമായ പങ്കാണ് വഹിച്ചത്. സർക്കാർ കർഷകരെ മാത്രമല്ല, രാജ്യത്തെ ജനാധിപത്യ ചിന്താഗതിക്കാരായ മുഴുവൻ ജനങ്ങളെയും കടുത്ത അനാസ്ഥയും അവഗണനയും കൊണ്ട് ദ്രോഹിക്കുകയും ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിലും സംഘടനകള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
ശരിയായ ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ ഒരു ജനാധിപത്യ രാജ്യത്തിന് മുന്നോട്ട് പോകുന്നതിന് സാധിക്കു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകിയ തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും എല്ലാ സംഘടനകളെയും അഭിനന്ദിക്കുന്നു. വിജയാഹ്ലാദപ്രകടനത്തിന്റെ ഈ അവസരത്തിൽ പിന്തുണ നല്‍കിയ രാഷ്ട്രീയ പാർട്ടികളും പ്രത്യേക പരാമർശം അർഹിക്കുന്നവെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
English Summary: The CPI lauded the historic victory of the peasantry against central injustice
You may like this video also