വിജയവാഡയില്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്നതിനുള്ള രക്തപതാക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി എന്നിവര്‍ക്ക് കൈമാറി.
ചരിത്രമുറങ്ങുന്ന കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിയാക്കി മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിലാണ് പതാക കൈമാറിയത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായത് കൊല്ലം നഗരമായതിനാലാണ് ഇവിടെ നിന്ന് പതാക കൊണ്ടുപോകുന്നത്.
പാര്‍ട്ടിയില്‍ പൂര്‍ണ ഐക്യം പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന സമ്മേളനം സമാപിച്ചതെന്ന് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ എല്ലാ അപവാദഗോപുരങ്ങളും തകര്‍ന്നുവീഴുന്ന കാഴ്ചയാണ് അവിടെ കണ്ടത്. വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ. പാര്‍ട്ടിക്ക് കഴിഞ്ഞ കാലയളവില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. രാജ്യത്തെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം ചെറുപ്പക്കാരാണ്. അവരുടെ വികാരം പങ്കിടാന്‍ പ്രാപ്തമാക്കുകയാണ് പാര്‍ട്ടിയുടെ ഉദ്ദേശ്യം. അതിനാണ് പ്രായത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു മാര്‍ഗരേഖ പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യശക്തികളുടെ വിപുലമായ ഐക്യം രൂപപ്പെടണം. അതിനുള്ള പോംവഴികളും ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍ തിരുമലൈ, വിക്കി മഹേശരി, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ആര്‍ വിജയകുമാര്‍ സ്വാഗതം പറഞ്ഞു. കെ പ്രകാശ് ബാബു, കെ ആര്‍ ചന്ദ്രമോഹനന്‍, ടി ടി ജിസ്‌മോന്‍, എന്‍ അരുണ്‍, പി കബീര്‍, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതീകമായി 24 യുവജനനേതാക്കളാണ് പതാക ബൈക്കില്‍ വിജയവാഡയിലേക്ക് കൊണ്ടുപോകുന്നത്. പതാക കൈമാറല്‍ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഐവൈഎഫ്, എഐഎസ്എഫ് നേതാക്കളായ സുഖ്ജിന്ദര്‍ മഹേശരി, സയിദ് വലിയുല്ല ഖാദ്രി, റഹുമാന്‍ ഉസ്‌മാനിയ, പ്രേംകുമാര്‍, രാകേഷ്, ദിനേശ് ശ്രീരംഗ രാജന്‍, തമിള്‍ പെരുമാള്‍, മണികണ്ഠന്‍, രാജേന്ദ്രന്‍, ഹരിഹരന്‍, വരദരാജ്, വിരാജ് ദേവാംഗ്, യേശു പ്രകാശ്, സഞ്ജു എന്നിവരും പങ്കെടുത്തു.
ഇന്ന് രാവിലെ എട്ടിന് കൊല്ലത്തു നിന്നും ആരംഭിക്കുന്ന ജാഥ ഒമ്പത് മണിക്ക് ഓച്ചിറ വഴി 11.30ന് വലിയ ചുടുകാട്ടിലെത്തും. രണ്ട് മണിക്ക് ആലപ്പുഴയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ അരൂരിലൂടെ വൈറ്റിലയില്‍ എത്തിച്ചേരും.
നാളെ രാവിലെ എട്ട് മണിക്ക് ആലുവയില്‍ നിന്ന് ജാഥ പുനരാരംഭിക്കും. 11 മണിക്ക് തൃശൂരിലെത്തും. അവിടെ നിന്നും വാണിയം പാറ വഴി വൈകിട്ട് നാലിന് പാലക്കാട് എത്തും. 5.30ന് കോയമ്പത്തൂരില്‍ എത്തും.
English Summary: The CPI party handed over the flag to the Congress
You may like this video also