സെപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികോത്സവം നാളെ തുടങ്ങും. സെപ്തംബര്‍ 29 വരെ ഗാന്ധി പാര്‍ക്കിലെ കണിയാപുരം നഗറിലാണ് സാംസ്‌കാരികോത്സവം നടക്കുന്നത്. ഇതിനു തുടക്കം കുറിച്ച് നാളെ (സെപ്തംബര്‍ 25) ഗാന്ധിപാര്‍ക്കില്‍ ‘വര്‍ഗീയ ഫാസിസത്തിനെതിരെ യുവജന വിദ്യാര്‍ത്ഥി കൂട്ടായ്മ’ നടക്കും. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍രാജ് അധ്യക്ഷത വഹിക്കും. ഡോ. സുനില്‍ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മാന്‍ സംസാരിക്കും. തുടര്‍ന്ന് തിരുവനന്തപുരം സര്‍ഗ അവതരിപ്പിക്കുന്ന ഗാനമേളയും സൗമ്യാ സുകുമാരന്‍ സംഘം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സും നടക്കും.
സെപ്തംബര്‍ 26 വൈകുന്നേരം 4ന് ‘ആഗോളീകരണ കാലത്തെ തൊഴില്‍ സംസ്‌കാരം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ രവിരാമന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ദേവരാജന്‍ മാസ്റ്ററുടെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
27 വൈകുന്നേരം 4ന് കര്‍ഷക പ്രക്ഷോഭം നല്‍കുന്ന പാഠങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. കിസാന്‍സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സത്യന്‍ മൊകേരി അധ്യക്ഷത വഹിക്കും. സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഇടച്ചേരിയന്‍ മ്യൂസിക് അവതരിപ്പിക്കുന്ന കെപിഎസി നാടക ഗാനങ്ങള്‍ അരങ്ങേറും.
28 വൈകുന്നേരം 4ന് നടക്കുന്ന വനിതാ സംഗമം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ — ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ഡോ. ആര്‍ ലതാദേവി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാട് അവതരിപ്പിക്കുന്ന നാടന്‍പാട്ട് നടക്കും.
29 വൈകുന്നേരം 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, പി കെ ഗോപി, വിനയന്‍, പിരപ്പന്‍കോട് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് എന്‍ കെ കിഷോറിന്റെ നേതൃത്വത്തില്‍ കലാ — സാംസ്‌കാരിക പരിപാടി നടക്കും.
English Summary: The CPI state conference cultural festival will begin tomorrow
You may like this video also