Site iconSite icon Janayugom Online

ശ്രീലങ്കയുടെ പ്രതിസന്ധി

SrilankaSrilanka

ത്യസാധാരണമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക. ആരെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും അവിടെ നിന്നെത്തുന്നത്. പെട്രോളിനും മണ്ണെണ്ണയ്ക്കും വേണ്ടി വരിയില്‍ നിന്ന രണ്ടുപേര്‍ രണ്ടിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചു. 70, 72 വയസ് പ്രായമുള്ളവരാണ് മരിച്ചത്. കനത്ത ചൂടില്‍ നാലും അഞ്ചും മണിക്കൂറിലധികം വരി നില്ക്കുന്നതിനിടെയാണ് ഇരുവരും കുഴഞ്ഞുവീണത്. അതിന് പിന്നാലെയാണ് അച്ചടി മഷിയും കടലാസും ലഭ്യമല്ലാത്തതിനാല്‍ പരീക്ഷകള്‍ മാറ്റിവച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതുകാരണം ചോദ്യപേപ്പര്‍ അച്ചടി മുടങ്ങിയ സാഹചര്യത്തിലായിരുന്നു പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ഒരു കപ്പ് ചായക്ക് നൂറു രൂപയിലധികവും അരിക്ക് 450, ലിറ്റര്‍ പാലിന് 260, പെട്രോള്‍ ലിറ്ററിന് 285, ഡീസല്‍ 176 ശ്രീലങ്കന്‍ രൂപയുമാണ് വില. 12.5 കിലോ ഭാരമുള്ള പാചകവാതക സിലിണ്ടറിന് 1359 രൂപയായി. അസംസ്കൃത എണ്ണയുടെ ലഭ്യതക്കുറവുകാരണം ഏക ശുദ്ധീകരണശാല അടച്ചുപൂട്ടി. ഇന്ധനം ലഭിക്കാത്തതിനാല്‍ പൊതുവാഹനങ്ങള്‍ ഓട്ടം നിര്‍ത്തുകയോ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തു. തലസ്ഥാനമായ കൊളംബോയിലെ തുറമുഖത്ത് എത്തിയ 40,000 ടണ്‍ ഇന്ധനം പണം നല്കാനില്ലാതെ കെട്ടിക്കിടക്കുകയായിരുന്നു. ബാങ്ക് ഓഫ് സിലോണ്‍ നല്കിയ തുക ഉപയോഗിച്ചാണ് ഇത് ഏറ്റെടുത്തത്. ഊര്‍ജോല്പാദനം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പ്രതിദിനം ഏഴര മണിക്കൂറാണ് രാജ്യത്ത് വൈദ്യുതി നിയന്ത്രണമുള്ളത്. ഡോളറുമായുള്ള അനുപാതത്തില്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു. 230 രൂപയോളമാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. സാമ്പത്തിക ഏജന്‍സികളുടെ റിപ്പോര്‍ട്ടനുസരിച്ച് എഷ്യയിലെ ഏറ്റവും വേഗമേറിയ നാണയപ്പെരുപ്പത്തിനാണ് ശ്രീലങ്ക സാക്ഷ്യംവഹിക്കുന്നത്. ജനുവരിയില്‍ 15.1 ശതമാനമായിരുന്ന നാണയപ്പെരുപ്പം 25.7 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു. കഴിക്കുവാന്‍ ഭക്ഷണവും കുടിക്കാന്‍ വെള്ളവും ലഭിക്കാതെ വലയുന്ന ജനത തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസ‍ിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലാണ്.

 


ഇതുകൂടി വായിക്കൂ: ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം; എസ്‌ബിഐ കരാര്‍ ഒപ്പിട്ടു


 

2019ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ നടപ്പിലാക്കിയ നടപടികള്‍ സാമ്പത്തിക പ്രതിസന്ധിയുടെ വേഗത വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. പണമൊഴുക്ക് കൂട്ടുന്നതിനെന്ന പേരില്‍ മൂല്യവര്‍ധിത നികുതി പകുതിയായി കുറച്ചു. പക്ഷേ അത് സമ്പദ്ഘടനയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. വിനോദ സഞ്ചാരികളുടെ വരവായിരുന്നു ശ്രീലങ്കയുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്ന്. 2019 ഏപ്രില്‍ 21 ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനത്തില്‍ 277 പേര്‍ കൊല്ലപ്പെടാനിടയായ സംഭവം രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. ആ പേരുദോഷത്തില്‍ നിന്ന് ക്രമേണ കരകയറുമ്പോഴേയ്ക്കാണ് കോവിഡ് മഹാമാരിയുടെ വരവുണ്ടാകുന്നത്. എന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ലഘൂകരിച്ചതുവഴി രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. അതുകൊണ്ട് തന്നെ ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ശ്രീലങ്കയെ അപകട മേഖലയായി പ്രഖ്യാപിച്ചതും ആയിരങ്ങള്‍ പ്രതിവര്‍ഷം എത്തിയിരുന്ന ചൈന പുറംലോകത്തേയ്ക്കുള്ള വാതിലുകള്‍ പൂര്‍ണമായും തുറക്കാത്തതും വിനോദ സഞ്ചാര വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിനു വിദേശ വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 19,000 ത്തോളമായി കുറഞ്ഞു. 500 കോടി ഡോളര്‍ വരെയായിരുന്നു വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള ശ്രീലങ്കയുടെ വരുമാനം. ഇത് സമ്പദ്ഘടനാ പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിപ്പിച്ചു.

 


ഇതുകൂടി വായിക്കൂ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ഇന്ധനത്തിന് ക്യൂനിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു


 

ആഭ്യന്തര — വിദേശ കാരണങ്ങളാലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് കടത്തെ മാത്രം ആശ്രയിച്ചതും ദുരിതം കൂട്ടി. കോവിഡ് മഹാമാരിയുണ്ടായ 2020ല്‍ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 101 ശതമാനം വിഹിതം കടം തിരിച്ചുനല്കുന്നതിനായി മാത്രം നീക്കിവയ്ക്കേണ്ട വിധം ഗുരുതര സാഹചര്യത്തിലായിരുന്നു ആ രാജ്യം. ഈ വര്‍ഷം അത് 108 ശതമാനമാകുമെന്നാണ് നിഗമനം. നാലുവര്‍ഷത്തിനിടെ കടം വീട്ടുന്നതിനു മാത്രം 5000 കോടിയിലധികം അമേരിക്കല്‍ ഡോളര്‍ കണ്ടെത്തേണ്ടിവരുമെന്ന സ്ഥിതിയുണ്ട്. താല്ക്കാലികമായ കടം വീട്ടലിന് വിദേശ നാണ്യശേഖരം ഉപയോഗിച്ചു തുടങ്ങിയതോടെ അതിലും കുറവുണ്ടായി. ഇപ്പോള്‍ 235 കോടി ഡോളറാണ് ഈയിനത്തില്‍ ബാക്കിയുള്ളത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് എന്ന പേരില്‍ മുന്നൊരുക്കങ്ങളോ ആസൂത്രിത പദ്ധതികളോ ഇല്ലാതെ നടപ്പിലാക്കിയ പരിഷ്കരണം ഉല്പാദനത്തെ ബാധിച്ചതും പ്രതിസന്ധിയുടെ കാരണമായി. ജൈവരീതിയിലുള്ള ഉല്പാദന വര്‍ധനവിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കാതെ വളത്തിന്റെയും കീടനാശിനികളുടെയും ഇറക്കുമതി നിരോധിച്ചത് സാധാരണരീതിയിലുള്ള ഉല്പാദനത്തെ ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ് ശ്രീലങ്കയിലെ പ്രതിസന്ധിയുടെ ആഴമേറുന്നത്. ഇന്ത്യ, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രീലങ്കയ്ക്ക് കൈത്താങ്ങു നല്കുന്നതിന് ശ്രമിക്കുന്നുണ്ട്. കോവിഡും യുദ്ധവുമെല്ലാം ഉണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രാടിസ്ഥാനമില്ലാതെയും ആസൂത്രിതമല്ലാതെയും നടപ്പിലാക്കുന്ന നടപടികളാണ് ശ്രീലങ്കന്‍ പ്രതിസന്ധിയെ രൂക്ഷമാക്കിയത് എന്നത് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ക്ക് പാഠമാവേണ്ടതാണ്.

You may also like this video;

Exit mobile version