ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ എആര്‍യു(അക്കൗണ്ട് റെന്ററിങ് യൂണിറ്റ്) സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വൈദ്യുതിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എംഎല്‍എ മാരുടെയും വൈദ്യുതി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ വൈദ്യുതി മേഖല നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം വൈദ്യുതി പ്രസരണവുമായി ബന്ധപ്പെട്ടാണ്. കണ്ണൂരിലുള്ള ട്രാന്‍സ്മിഷന്‍ സര്‍ക്കില്‍ ഓഫീസാണ് ജില്ലയിലെ പ്രവർത്തനങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നത്. കാസര്‍കോട് ജില്ലയില്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഓഫീസ് വേണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചതാണ്.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസിന്റെ എആയു. സ്റ്റേഷന്‍ കാസര്‍കോട് ഡിവിഷന്‍ ഓഫീസിന്റെ ഭാഗമായി അനുവദിക്കുന്നതിന് തീരുമാനിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഓഫീസ് കൈകാര്യം ചെയ്യും. മലയോരമേഖലയിലെ വോള്‍ട്ടേജ് പ്രശ്നത്തിന് പരിഹാരമായി ആവശ്യപ്പെട്ടിരുന്ന കുറ്റിക്കോല്‍ സബ്സ്റ്റേഷന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിനും മൈലാട്ടി — വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി 6 മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനും തീരുമാനമായി.
ഉഡുപ്പി-കരിന്തളം 400 കെവി ലൈനിന്റെ പ്രവൃത്തി ഭൂവുടമകളുടെ നഷ്ടപരിഹാര പ്രശ്നവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് വച്ച് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനും യോഗം തീരുമാനിച്ചു. വിദ്യാനഗര്‍ സബ്സ്റ്റേഷന്‍ 110 കെവി ശേഷിയില്‍ നിന്ന് 220 കെവി സബ്സ്റ്റേഷനായി ഉയര്‍ത്താനും 33 കെവി ബേളൂര്‍ സബ്സ്റ്റേഷന്‍ 110 കെവി ആയി ഉയര്‍ത്തുന്നതിന് 6 മാസത്തിനകം നടപടി സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, എകെഎംഅഷറഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ‚കെ എസ് ഇ ബി ഉദ്യോഗസ്ഥരായ പി സുരേന്ദ്ര (ഡയറക്ടര്‍, ഡിസ്ട്രുിബ്യൂഷന്‍), സജി പൗലോസ് (ഡയറക്ടര്‍, പ്രസരണ വിഭാഗം), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കാസര്‍കോട് എന്നിവര്‍ പങ്കെടുത്തു.