Site iconSite icon Janayugom Online

ചതിക്കുഴി ഒരുക്കുന്ന സൈബർ കാലം; ഇന്ന് അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം

ന്റർനെറ്റിന്റെ വളര്‍ച്ച ഈ കാലഘട്ടത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു.  ഇന്റർനെറ്റ് ഇല്ലാതെ ഒരു ദിനത്തെപ്പറ്റി ചിന്തിക്കാൻപോലും കഴിയാത്ത ഒരു തലമുറയാണ് ഇന്നുള്ളത്. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത കോവിഡ് കാലത്താണ് ഓൺലൈൻ സേവനങ്ങളെ മലയാളികൾ കൂടുതലായി സ്വീകരിച്ചത്. പഠനത്തിനും വിവിധ ബില്ലുകൾ അടക്കാനും മുതൽ വസ്‌ത്രങ്ങളും മീൻ ഉൾപ്പടെയുള്ള ഭക്ഷ്യ സാധനങ്ങളും വാങ്ങുവാനും ഇന്റർനെറ്റിന്റെ സഹായം തേടി. ഇന്ന് ലോകം മുഴുവൻ സാങ്കേതിക വിദ്യയുടെ വഴികളിലൂടെയാണ് നീങ്ങുന്നത് .  ഇന്റർനെറ്റിലുള്ള അമിതമായ വിശ്വാസം പലപ്പോഴും നമ്മളെ എത്തിക്കുന്നത് സൈബർ കാലത്തെ ചതികുഴികളിലുമാണെന്ന് കാലം തെളിയിക്കുന്നു. സാമ്പത്തിക തട്ടിപ്പിനും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമൂഹത്തിന്റെ അന്തസ്സ് ഹനിക്കുന്നതിനു വേണ്ടിയുമാണ് ചിലര്‍ ഇന്റർനെറ്റിനെ ഉപയോഗിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നടത്തി വരുന്ന തട്ടിപ്പുകള്‍ ദിനം പ്രതി കേരളത്തിലും വർധിക്കുന്നു . വെർച്വൽ അറസ്റ്റ് പോലുള്ള പുതിയ രീതികളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട് . 2014 — 2015 കാലത്ത് ഒരു വർഷം 1500 സൈബർ കേസുകളിൽ താഴെ മാത്രം ആണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് പത്തിരട്ടിക്ക് മുകളിലായി . ദേശിയ സംസ്ഥാന ക്രൈം റെക്കോഡ്‌ ബ്യുറോയുടെ കണക്കുകൾ പ്രകാരം സൈബർ കേസുകളിൽ കേരളം അഞ്ചാം സ്ഥാനത്താനുള്ളത്. ഒക്ടോബര്‍ 29 ലോക ഇന്റര്‍നെറ്റ് ദിനമായി ആചരിച്ചുവരുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇന്റര്‍നെറ്റ് സൊസൈറ്റിയുമാണ് ഈ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. 2005 ഒക്ടോബര്‍ 29‑നാണ് ആദ്യമായി ഇന്റര്‍നെറ്റ് ദിനം ആചരിച്ചത്.

സൗഹൃദ വലയം തീർത്ത് സാമ്പത്തിക തട്ടിപ്പ്
അമ്പലപ്പുഴ സ്വദേശിയായ യുവാവിന് അപ്രതീക്ഷിതമായാണ് ഒരു വിദേശ വനിതയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രണ്ട്‌സ് റിക്വസ്റ്റ് വന്നത്. ഗുഡ് മോർണിംഗിലും ഗുഡ് നൈറ്റിലും തുടങ്ങിയ ആ സൗഹൃദം പിന്നീട് അതിരുകളില്ലാതെ നീണ്ടു. ഫ്രാൻസ് സ്വദേശിയായ വനിത നേരിട്ട് കാണാൻ കേരളത്തിൽ വരാമെന്നും ഉറപ്പ് നൽകി. പ്രതീക്ഷിക്കാതെ വനിതയുടെ ഫോൺ കാൾ യുവാവിന് വീണ്ടും വന്നു , വിലയേറിയ ഒട്ടേറെ സമ്മാനങ്ങളുമായാണ് കേരളത്തിലേക്കുള്ള വരവ്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളിവന്നു. ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഡ്യുട്ടി ഇനത്തിൽ രണ്ട് ലക്ഷം രൂപ അടച്ചാൽ മാത്രമേ വിലകൂടിയ സമ്മാനങ്ങൾ അവർ വിട്ടുനല്കുകയുള്ളു എന്നും യുവതി ധരിപ്പിച്ചു. ഇന്ത്യൻ മണി ഇല്ലാത്തതിനാൽ സഹായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ കസ്റ്റംസിൽ നിന്ന് എന്ന് പറഞ്ഞു മറ്റൊരാളും വിളിച്ചു. അമ്മയുടെ സ്വർണ്ണം ഉൾപ്പടെ പണയം വെച്ച് യുവാവ് ഒരു ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ അയച്ചു കൊടുത്തു.അതിന് ശേഷം യുവതിയുടെ മൊബൈൽ നമ്പർ നോട്ട് റീച്ചബിളായി. ഫേസ് ബുക്ക് അക്കൗണ്ട് വഴിയും പ്രതികരണം നിലച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പരിഹാസം ഭയന്ന് യുവാവ് പരാതി നൽകാനും മുതിർന്നില്ല. 

പിന്നിൽ അന്യ സംസ്ഥാനകാരും
കേരളത്തിൽ രജിസ്റ്റർ ചെയ്ത പല കേസുകൾക്ക് പിന്നിലും അന്യ സംസ്ഥാനക്കാരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സ്വദേശികളും തലസ്ഥാന നഗരിയായ ഡല്‍ഹിയിലും മറ്റും അനധികൃതമായി താമസിച്ചു വരുന്ന നൈജീരിയന്‍ സ്വദേശികള്‍ ഉള്‍പ്പെടുന്ന സംഘങ്ങളും ഈ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഉണ്ട്. ഫേസ്ബുക്കിലെ തട്ടിപ്പു പോലെ തന്നെയാണ് മറ്റൊരു നവ മാധ്യമമായ വാട്സ് ആപ്പിലൂടെയും തട്ടിപ്പുകള്‍ നടത്തുന്നത്. പരാതിക്കാര്‍ ഉപയോഗിച്ചിരുന്ന വാട്സ്ആപ്പില്‍ +44 ല്‍ തുടങ്ങുന്ന നമ്പരില്‍ നിന്നും സന്ദേശങ്ങള്‍ അയച്ച് സൗഹൃദത്തിലായാണ് തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പു സംഘങ്ങള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഒരേ ഫേസ്ബുക്ക് ഐഡിയോ വാട്സ്ആപ്പ് നമ്പരുകളോ മൊബൈല്‍ നമ്പറുകളോ ഉപയോഗിക്കാറില്ല. മൊബൈല്‍ സിമ്മുകളും ബാങ്ക് അക്കൗണ്ടുകളും കമ്മീഷന്‍ വ്യവസ്ഥയ്ക്ക് തരപ്പെടുത്തി കൊടുക്കുന്ന സംഘങ്ങളുടെ സഹായത്താലാണ് തട്ടിപ്പുകാര്‍ ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നത്. നിരക്ഷരരായ കര്‍ഷകരുടെയും സാധാരണയാളുകളുടെയും തിരിച്ചറിയല്‍ രേഖകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പൊലീസിന്റെ അന്വേഷണം പലപ്പോഴും ഇവരില്‍ മാത്രമേ എത്തി ചേരാറുള്ളു.

ഭാര്യയുടെ പ്രണയത്തിൽ സമ്പാദ്യം നഷ്‌ടമായ പ്രവാസി
ഒമാനിൽ ജോലി ചെയുന്ന ഹരിപ്പാട് സ്വദേശിയുടെ മനസ് മുഴുവൻ സ്വപ്നങ്ങളുടെ വർണ്ണ കൂടുകൾ ആയിരിന്നു . അമ്മയ്ക്കും ഭാര്യക്കും കുട്ടികൾക്കും ഒപ്പം താമസിക്കാൻ നല്ലൊരു വീട്,കാർ, വസ്തു അങ്ങനെ നീളുന്നു ആഗ്രഹങ്ങൾ. വർഷങ്ങളായി സമ്പാദ്യം മുഴുവൻ സ്വരൂക്കൂട്ടി വെച്ചു. ഭാര്യയുടെ അക്കൗണ്ടിലായിരിന്നു സമ്പാദ്യം മുഴുവൻ. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് അവധി നൽകി നാട്ടിലെത്തിയ ഗൃഹനാഥനെ വരവേറ്റതാകട്ടെ ഞെട്ടിക്കുന്ന വിവരവും. തന്റെ സമ്പാദ്യം മുഴുവൻ ഭാര്യയുടെ അജ്ഞാതനായ സൈബർ കാമുകൻ കവർന്നു. വിവാഹ ശേഷം മാസങ്ങൾക്കകം ഭാര്യയെ നാട്ടിലാക്കിയ ശേഷമാണ് പ്രവാസി പോയത്. വിലകൂടിയ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും സമ്മാനമായി നൽകി. ആദ്യമൊക്കെ ഭർത്താവിന്റെ ഫോൺ വിളികൾക്കായും ചാറ്റിങ്ങിനായും കാത്തുനിന്ന ഭാര്യ പതുകെ മാറുന്നത് അയാൾ അറിഞ്ഞില്ല. ഫേസ് ബുക്കിലൂടെ പുതിയ സൗഹൃദം തേടിയ യുവതിക്ക് ഒരു സൈബർ കാമുകനെയും കിട്ടി . പിന്നെ രാപകൽ വ്യത്യാസമില്ലാതെ അയാളോടായി സംസാരം . നേരിൽ കാണാതെ വിഡിയോ കാൾ ആയിരിന്നു കൂടുതലും . താമസിയാതെ ഓരോ ആവശ്യങ്ങൾക്കായി അയാൾ പണം ചോദിച്ചുതുടങ്ങി. പ്രണയ പരവശയായ യുവതി അക്കൗണ്ടിൽ നിന്ന് പണം നൽകികൊണ്ടെയിരുന്നു. അജ്ഞാതനായ കാമുകൻ പറഞ്ഞ അഡ്രസ്സും വിവരങ്ങളുമെല്ലാം തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞു. ഭർത്താവ് തിരികെ വന്നതിന് ശേഷം പണം ആവശ്യപ്പെട്ടതിന് പിന്നാലെ ഫോൺ വിളികളും ചാറ്റിങ്ങും നിന്നു. ഭാര്യയുടെ ക്ഷമാപണത്തിൽ വീണ പ്രവാസി നാണക്കേടോർത്ത് കേസിനും പോയില്ല .

പ്രമുഖരുടെ അക്കൗണ്ട് വഴിയും പണം ചോർത്തൽ 
ഫേസ് ബുക്കിൽ പ്രമുഖരുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും പണം ചോർത്തൽ വ്യാപകമാകുന്നു. രാഷ്ട്രീയ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരുകളിലാണ് കൂടുതലായും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുന്നത്. കുറച്ച് പണം അത്യാവശ്യമായി വേണമെന്ന് മെസ്സഞ്ചറിലൂടെയാണ് പ്രമുഖൻ ചോദിക്കുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞ പലരും ഈ കാര്യം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോഴാണ് അപരന്റെ ചതി ലോകമറിയുന്നത് . വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പിനു ശ്രമിച്ച പല സംഭവങ്ങളിലും രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് സ്വദേശികളാണെന്ന് സൈബര്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഒഎൽഎക്സ് പോലുള്ള ആപ്ലിക്കേഷൻ വഴിയും തട്ടിപ്പ് വ്യാപകമാണ്. പട്ടാളക്കാരുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ പ്രൊഫൈല്‍ ചിത്രങ്ങളാക്കി വിശ്വാസം നേടിയെടുത്ത് ആണ് തട്ടിപ്പ് കൂടുതലായി നടത്തുന്നത് . ഫ്രിഡ്ജ് , ടി വി വാഷിങ്‌ മെഷ്യൻ , ബൈക്ക്, കാർ മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങിയവ വില്‍ക്കാനുണ്ടെന്ന് പരസ്യം ചെയ്ത് ആണ് പണം തട്ടുന്നത് . തട്ടിപ്പുകാര്‍ നല്‍കുന്ന അക്കൗണ്ടിലോ, ഗൂഗിള്‍ പേ വഴിയോ പണം അടച്ച ശേഷം ഫോണ്‍ എടുക്കാതെ വരുമ്പോഴാണ് പലപ്പോഴും തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. കോവിഡിന്റെ നിയന്ത്രണങ്ങളുള്ള ഈ കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഹണി ട്രാപ്പും വ്യാപകം
സൈബര്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തട്ടിപ്പിന്റെ പുതിയ രൂപമാണ് ഹണി ട്രാപ്പ്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിന്നും ആദ്യം ഫ്രണ്ട് റിക്വസ്റ്റുകൾ വരും. അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ അക്സപ്റ്റ് ചെയ്യുന്നതോടെ അവർ മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും. ഒപ്പം വാട്സാപ്പ് നമ്പറും കരസ്ഥമാക്കുന്നു. തുടര്‍ന്ന് വീഡിയോ കോള്‍ ചെയ്ത് നേരത്തെ റെക്കോര്‍ഡ്‌ ചെയ്ത സ്ത്രീകളുടെ നഗ്ന ശരീരം കാണിച്ചും മറ്റും പ്രേരിപ്പിച്ച് ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് പുതിയ രീതി. ഇത്തരത്തില്‍ നിരവധിയാളുകള്‍ ഈ തട്ടിപ്പിന് ബലിയാടായിട്ടുണ്ട്. അപമാന ഭാരം ഭയന്ന് പലയാളുകള്‍ക്കും പരാതി നല്‍കാന്‍ പോലും മടിക്കുകയാണ് .

ഓഹരി വിപണിയിലും തട്ടിപ്പ് 
ഓഹരി വിപണിയിൽ സൈബർ തട്ടിപ്പുകൾക്കിരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ വിദ്യാസമ്പന്നർതന്നെയാണ് ഷെയർ മാർക്കറ്റിൽനിന്ന് ലാഭംകൊയ്യാനുള്ള ബദ്ധപ്പാടിൽ വീണ്ടുവിചാരമില്ലാതെ വൻനിക്ഷേപം നടത്തി പണം നഷ്ടപ്പെടുത്തുന്നത്. വാട്‌സാപ്പും ടെലിഗ്രാമും വഴിയുള്ള ചാറ്റിങ്ങിലൂടെയാണ് ഇടപാടുകാരെ തട്ടിപ്പുകാർ വശത്താക്കുന്നത്. പ്രമുഖ ഫിനാൻഷ്യൽ അഡ്വൈസർമാരുടെ ചിത്രം വെച്ച് ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നൽകുന്ന പരസ്യത്തിലൂടെ ഇടപാടുകാരുടെ വിശ്വാസമാർജിച്ച് ഇവരെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആകർഷിക്കുകയും വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും അതിന്റെ ഇരട്ടിപ്പും വ്യാജ ആപ്പിലുള്ള സ്‌ക്രീനിൽകാണുന്നവർ അവരെ വിശ്വസിച്ച് വീണ്ടും നിക്ഷേപം നടത്തുന്നു. ആർബിഐ നിയമങ്ങളുടെ സാങ്കേതികത്വം പറഞ്ഞ് പേമെന്റ് ഗെയിറ്റ് വേ സൈറ്റിലില്ലെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തുന്നു. പണം നിക്ഷേപിക്കുന്നത് നോർത്ത് ഇന്ത്യയിൽനിന്നുള്ള വ്യാജ അക്കൗണ്ടുകളിലേക്കാണ്. ഇത് അധികവും വാടകയ്ക്കെടുത്ത അക്കൗണ്ടുകളാണ്. പണം നിക്ഷേപിക്കുന്നത് അപ്പപ്പോൾ വ്യാജ ആപ്പുകളുടെ സ്‌ക്രീനിൽ കാണുന്നവർ അതു പിൻവലിക്കാൻ നോക്കുമ്പോഴാണ് ചതി മനസ്സിലാക്കുന്നത്. 73.5 ലക്ഷം നിക്ഷേപിച്ച ഒരു കോഴിക്കോട്ടുകാരന് ട്രേഡിങ് വിവരങ്ങൾ തെളിയുന്ന സ്‌ക്രീനിൽ കാണിച്ചത് ലാഭമടക്കം ഏഴുകോടി 94 ലക്ഷമാണ്. പണം പിൻവലിക്കാൻ മുതിർന്നപ്പോൾ സർവീസ് ചാർജായി 20 ശതമാനം ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് റിട്ട. സർക്കാരുദ്യോഗസ്ഥനായ ഇടപാടുകാരന് സംശയം തോന്നുന്നത്. മറ്റ് ചിലരോട് തുക റൗണ്ട്ഫിഗറാക്കണമെന്ന സാങ്കേതികത്വം പറഞ്ഞ് കൂടുതൽതുക ആവശ്യപ്പെടുകയായിരുന്നു. 48 ലക്ഷമാണ് അടുത്തിടെ കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്‌ നഷ്ടപ്പെട്ടത്.

ബാങ്കുകളുടെ പേരിലും വ്യാജ സന്ദേശം

സൈബർ തട്ടിപ്പ് സംഘങ്ങൾ ബാങ്കുകളുടെ പേരിലും വ്യാജ സന്ദേശം അയക്കുന്നത് പതിവാകുന്നു . എസ്‌ബിഐയുടെ ഓൺലൈൻ ഇടപാടുകൾ നടത്തുന്ന യോനോ ആപ് ബ്ലോക്ക് ആയെന്നും പാൻകാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും പറഞ്ഞാണ് തലശേരി സ്വദേശിക്ക് ഫോണിൽ എസ്എംഎസ് വന്നത്.ബാങ്കിൽനിന്ന് അയക്കുന്ന സന്ദേശം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. യോനോ ആപ് ബ്ലോക്കായത് ഒഴിവാക്കാൻ പാൻ കാർഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ എസ്‌ ബി ഐയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് ഓപണാകും. യൂസർ ഐ ഡിയും പാസ്വേഡും അടിച്ച് ലോഗിൻ ചെയ്യുമ്പോൾ വെരിഫിക്കേഷനെന്ന പേരിൽ ഒടിപി കൂടി നൽകി . ഇതോടെയാണ് പണം നഷ്ടപ്പെട്ടത്.

ഡെലിവറി സേവനങ്ങളിലും ശ്രദ്ധ വേണം

ഡെലിവറി സേവനങ്ങളുടെ പേരിലും സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. കേടായ പാൽ തിരികെ നൽകാൻ ശ്രമിക്കുന്നതിനിടയിൽ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മക്ക് നഷ്ടമായത് 77,000 രൂപ. ഓൺലൈൻ വഴിയാണ് ഇവർ പാൽ വാങ്ങിയത്. വാങ്ങിയ പാലുകളിൽ ഒന്ന് കേടായതിനെ തുടർന്ന് മാറ്റിനൽകാൻ ഓൺലൈനിൽ വഴി കമ്പനിക്ക് പരാതി നൽകി. ഗൂഗിളിൽ കണ്ടെത്തിയ ഒരു ഹെൽപ്പ് ലൈൻ നമ്പറിലാണ് പരാതി നൽകിയത്. തുടർന്ന് കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് ഒരാൾ ഫോണിലൂടെ വീട്ടമ്മയുമായി ബന്ധപ്പെട്ടു. പാൽ തിരികെ നൽകേണ്ടതില്ലെന്നും ചെലവായ തുക റീഫണ്ട് ചെയ്യാമെന്നും അദ്ദേഹം വീട്ടമ്മക്ക് ഉറപ്പുനൽകി. പണം റീഫണ്ട് ചെയ്യാൻ യുപിഐ ഐഡി അടങ്ങിയ വാട്‌സ്ആപ്പ് സന്ദേശം നൽകി. അതിൽ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് ആയ ഫോൺപെ വഴി പണം ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്‌ഷനും. തുടർന്ന് യുപിഐ ഐഡിയും തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച വീട്ടമ്മ തുടർന്നുള്ള നിർദേശങ്ങളും പാലിച്ചതോടെയാണ് അക്കൗണ്ടിൽ നിന്ന് 77,000 രൂപ നഷ്ടമായത്.

ജോലി വാഗ്‌ദാനം ലഭിച്ചാൽ ജാഗ്രത വേണം
ഓൺലൈൻവഴി അസാധാരണമാംവിധം ഉയർന്ന ശമ്പളത്തോടെ ജോലി വാഗ്‌ദാനംലഭിച്ചാൽ ജാഗ്രത വേണം. വിശ്വസനീയമായ ജോബ്‌ പോർട്ടലിലും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരിശോധന നടത്തി ജോലിയുടെ ആധികാരികത ഉറപ്പാക്കണം. ആധാർ നമ്പർ, ബാങ്ക്‌ അക്കൗണ്ട്‌, ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങൾ, പാസ്‌പോർട്ട്‌ പകർപ്പുകൾ എന്നിവ പങ്കുവയ്‌ക്കരുത്‌. ജോലി വാഗ്‌ദാനവുമായി ബന്ധപ്പെട്ട്‌ ലഭിക്കുന്ന ഇ മെയിലുകളിലും സന്ദേശങ്ങളിലുമുള്ള ലിങ്കുകളിൽ അമർത്തുന്നതും അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ്‌ ചെയ്യുന്നതും പൂർണമായും ഒഴിവാക്കണം. സൈബർ തട്ടിപ്പിനിരയാകുന്നവരിൽ വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്‌. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌ത്‌ വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ സന്ദേശങ്ങൾ എത്തുന്നു. അപേക്ഷിക്കാത്ത ജോലി, അഭിമുഖം, പരിശീലന സാമഗ്രികൾ എന്നിവയ്‌ക്കായി മുൻകൂർ ഫീസും ആവശ്യപ്പെടും. വർക്ക്‌ ഫ്രംഹോമിലൂടെ ഗണ്യമായ വരുമാനം വാഗ്‌ദാനം ചെയ്‌താണ്‌ മറ്റൊരു തട്ടിപ്പ്‌.  ജോലി വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനത്തിന്‌ ഔദ്യോഗിക വെബ്‌സൈറ്റുപോലും ഉണ്ടാകില്ല. ഇതൊന്നും പരിശോധിക്കാതെ ചതിയിൽ അകപ്പെടുന്നവരാണ്‌ ഏറെയും.

ബ്ലാക്ക് മെയിൽ തന്ത്രവുമായി ‘വെര്‍ച്വല്‍ അറസ്റ്റ്’

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘വെര്‍ച്വല്‍ അറസ്റ്റ്’ എന്ന സംവിധാനം ഇന്ത്യയില്‍ ഒരു അന്വേഷണ ഏജന്‍സിയിലും നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സിബിഐ, കസ്റ്റംസ്, പോലീസ് തുടങ്ങിയ അന്വേഷണോദ്യോഗസ്ഥര്‍ എന്നു പറഞ്ഞാണ് പലരെയും വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിക്കടത്ത്, കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ കാണല്‍ തുടങ്ങിയ കുറ്റങ്ങള്‍ വ്യാജമായി ചുമത്തിയാണ് പലരെയും തട്ടിപ്പുകാര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. കമ്പോഡിയ കേന്ദ്രീകരിച്ചാണ് ഇല്ലാത്ത പാഴ്‌സലിന്റെയും അക്കൗണ്ടുകളുടെയും പേരില്‍ കൂടുതലും തട്ടിപ്പുകാര്‍ വിലസുന്നത്. വെര്‍ച്വല്‍ അറസ്റ്റില്‍ നിറുത്തുന്നതായും ഓണ്‍ലൈനായി തന്നെ വിചാരണ നടത്തുന്നതായും അവകാശപ്പെട്ടാണ് ഇരകളെ മാനസികമായി കീഴടക്കുന്നത്. മാനഹാനി ഭയന്ന് പലരും കൊടുത്ത് രക്ഷപ്പെടുകയാണ് പതിവ്. രാജ്യത്ത് വിവിധയിടങ്ങളിൽ ഇത്തരം തട്ടിപ്പിനിരയായവർക്ക് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നഷ്ടമായത് 120 കോടി 30 ലക്ഷം രൂപയാണ്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലാണ് തട്ടിപ്പിന്റെ സൂത്രധാരൻമാർ ഒളിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു

‘ചക്ഷു’ പോർട്ടലിൽ പരാതി നൽകാം

സൈബർ തട്ടിപ്പു ശ്രമങ്ങൾക്കെതിരെ ‘ചക്ഷു’ പോർട്ടലിൽ പരാതി നൽകാം. ഇതിൽ ഇരുപതിനായിരത്തിലേറെ റിപ്പോർട്ടുകളാണ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 11,000 നമ്പറുകൾക്കെതിരെ കേന്ദ്ര ടെലികോം വകുപ്പ് നടപടിയെടുക്കുവാൻ ശ്രമങ്ങൾ തുടങ്ങി. കുറിയർ കമ്പനികളുടെ പേരിലുള്ള തട്ടിപ്പാണ് ‘ചക്ഷു’വിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ടെലികോം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ലഹരിമരുന്ന് അടക്കമുള്ള അനധികൃതവസ്തുക്കൾ ഇരയുടെ പേരിൽ കുറിയറായി എത്തിയെന്നു പറഞ്ഞാണു തട്ടിപ്പുകാർ സമീപിക്കുക. പൊലീസ് കേസ് വരുമെന്നു ഭീഷണിപ്പെടുത്തുന്ന സംഘം ഇരയിൽനിന്നു പണം ആവശ്യപ്പെടും. ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പു കോളുകളും മെസേജുകളും ‘ചക്ഷു’ പ്ലാറ്റ്ഫോമിലൂടെ കേന്ദ്രത്തെ അറിയിക്കാം.
ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ വിളിച്ച് വിവരമറിയിക്കണം. തുടർന്ന് cybercrime.gov.in എന്ന ഇ — മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയയ്‌ക്കണം.

പൊലീസ് പറയുന്നു; സൗഹൃദം കരുതലോടെ വേണം
സൈബർ ചതികുഴികളുടെ കാലത്ത് സോഷ്യൽ മീഡിയയിലെ സൗഹൃദം കരുതലോടെ വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു . സോഷ്യല്‍ മീഡിയയില്‍ പരിചയമുള്ള ആള്‍ക്കാരെ മാത്രമേ ഫ്രണ്ട് ലിസ്റ്റില്‍ ഉൾപെടുത്താവു. അപരിചിതരുമായുള്ള വീഡിയോ മീറ്റിംഗുകള്‍ ഒഴിവാക്കണം . പരിചയമില്ലാത്ത നമ്പരുകളില്‍ നിന്ന് വരുന്ന കോള്‍ സ്വികരിക്കതിരിക്കുക. ബാങ്കിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കിനെ ബന്ധപ്പെട്ട ചെയ്തശേഷം മാത്രമേ ആപ്ലിക്കേഷന്‍ ഇൻസ്റ്റാൾ ചെയ്യാവു . ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ സൈറ്റ് ആണ് എന്ന് ഉറപ്പുവരുത്തണം . ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ബാങ്ക് ഹെൽപ്പ് നമ്പരുകള്‍ ശരിയാണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കുക. ഇന്റര്‍നെറ്റിലെ വ്യാജ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ സ്വികരിക്കരുത് . സോഷ്യല്‍ മീഡിയാകളില്‍ കാണുന്ന പരസ്യങ്ങള്‍ ( ജോലി വാഗ്ദാനം ഉള്‍പ്പെടെയുള്ള) പൂര്‍ണ്ണമായി വിശ്വസിക്കാതെ അതു ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

Exit mobile version