Site icon Janayugom Online

പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡിസംബര്‍ മാസത്തോടെ ഡാഷ്‌ബോര്‍ഡ് തയാറാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാനത്തെ പട്ടയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡിസംബര്‍ മാസത്തോടെ ഡാഷ്‌ബോര്‍ഡ് തയാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബറില്‍ ഡാഷ്‌ബോര്‍ഡുകള്‍ തയാറാക്കണമെന്നും ജില്ലാതലത്തില്‍ ഡാഷ്‌ബോര്‍ഡുകളില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഡിസംബറില്‍ തന്നെ കേരളത്തിലെ എല്ലാ ഭൂരഹിതരുടെയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന റവന്യു പട്ടയ ഡാഷ് ബോര്‍ഡ് നിലവില്‍ വരുമെന്നും ജനുവരിയില്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഭൂമിക്ക് വേണ്ടി ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുന്നവര്‍, അറിവില്ലായ്മ കൊണ്ട് ഭൂമിക്ക് വേണ്ടി ആവശ്യമുന്നയിക്കാതിരിക്കുന്ന ഭൂരഹിതര്‍ എന്നിഅവര്‍ക്ക് എന്തുകൊണ്ട് ഭൂമി കൊടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടായി എന്നതെല്ലാം ഡാഷ് ബോര്‍ഡില്‍ പരാമര്‍ശിക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജ് തലം മുതലുള്ള റവന്യു ഉദ്യോഗസ്ഥന്‍മാരുമായി തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ രൂപം കൊടുക്കുന്ന ഡാഷ്‌ബോര്‍ഡ് വഴി പരമാവധി ആളുകളെ കുറഞ്ഞകാലം കൊണ്ട് ഭൂമിയുടെ അവകാശികളാക്കി മാറ്റാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിനായി നിലവില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്ത് ഇടുക്കിയും വയനാടും കഴിഞ്ഞാല്‍ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ ഇനിയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര പട്ടയങ്ങള്‍ കൊടുക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഭൂമി തരം മാറ്റല്‍, ലാന്റ് റവന്യു കേസുകള്‍, പട്ടയം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സ്‌പെഷ്യല്‍ ഡ്രൈവായി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എഡിഎം എ കെ രമേന്ദ്രന്‍, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, കാസര്‍കോട് ആര്‍ഡിഒ അതുല്‍ എസ് നാഥ്, ഡെപ്യുട്ടി കളക്ടര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍, ജില്ലാ ലോ ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, മറ്റു റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

eng­lish sum­ma­ry; The dash­board will be ready by Decem­ber to resolve the issue

you may also like this video;

Exit mobile version