Site iconSite icon Janayugom Online

സംസ്ഥാനത്ത് പകല്‍ച്ചൂടേറുന്നു; വരാനിരിക്കുന്നത് പൊള്ളുന്ന ദിനങ്ങള്‍

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നത്.
എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. മാർച്ച് മുതലാണ് വേനൽ ആരംഭിക്കുന്നതെങ്കിലും ഫെബ്രുവരി ആദ്യം മുതൽ തന്നെ കനത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. 

കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കണ്ണൂരിൽ ( 37.7 ഡിഗ്രി) രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. തിങ്കളാഴ്ച കോഴിക്കോട് നഗരത്തില്‍ സാധാരണയിലും മൂന്ന് ഡിഗ്രിയും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ രണ്ടു ഡിഗ്രിയും കൂടുതല്‍ ഉയർന്ന താപനില രേഖപ്പെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

ഈ വർഷം മലപ്പുറം മുതൽ തെക്കോട്ട് ആണ് ചൂട് കൂടുതൽ രേഖപ്പെടുത്തുന്നത്. ഇന്ന് മുതൽ മലപ്പുറം മുതൽ മധ്യ തെക്കൻ കേരളത്തിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെ ആകാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. വടക്കൻ കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഇടനാട് മേഖലയിൽ ചൂട് കൂടും. കോഴിക്കോടിന് തെക്കുകിഴക്കൻ മേഖലയിലും ചൂട് കൂടുതലാകും. കേരളത്തിൽ ഇതുവരെ രാവിലെ അനുഭവപ്പെട്ട തണുപ്പിന് കുറവുണ്ടാകും. വയനാട്ടിൽ നേരത്തെ അനുഭവപ്പെട്ട തണുപ്പ് കുറയും.
കേരളത്തിലെ അന്തരീക്ഷത്തെ സ്വാധീനിക്കുന്ന പ്രത്യേക ഘടകങ്ങൾ ഇല്ലാത്തതിനാൽ സമാന കാലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് നിരീക്ഷകർ പറയുന്നു. 

Eng­lish Sum­ma­ry: The day is get­ting hot­ter in the state

You may also like this video

Exit mobile version