Site iconSite icon Janayugom Online

തെരുവ്നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് മാസത്തിനടുത്ത് പഴക്കം; കൂടുതൽ പരിശോധന നടത്താൻ പൊലീസ്

മൈനാഗപ്പള്ളിയിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിന് ഏകദേശം രണ്ട് മാസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾ ഉൾപ്പെടെ മൃതദേഹത്തിൻ്റെ മിക്ക ഭാഗങ്ങളും നായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങി. വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയുടെ മൃതദേഹമാണ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം താമസിച്ചിരുന്ന ചെറിയ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്.

സമീപത്തെ വീട്ടിൽ ശുചീകരണം നടത്താനെത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിന് പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങൾ പൂർണ്ണമായും ഭക്ഷിച്ച നിലയിൽ അസ്ഥികൂടം മാത്രമാണ് ശേഷിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റാണോ മരണം സംഭവിച്ചതെന്നോ, അതോ മരിച്ച ശേഷം നായ്ക്കൾ ഭക്ഷിച്ചതാണോ എന്നതിലോ വ്യക്തത വരാനുണ്ട്.

Exit mobile version