Site iconSite icon Janayugom Online

ധീരജവാന്‍ പ്രദീപിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം; കുടുംബത്തെ സഹായിക്കാനുള്ള നടപടികൾ കൈക്കൊള്ളും: മന്ത്രി കെ രാജൻ

K rajanK rajan

ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കൂനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ വീരചരമം പ്രാപിച്ച പ്രദീപ് അറയ്ക്കലിന്റെ നിര്യാണത്തിൽ പുത്തൂർ ഗവണ്മെന്റ് സ്കൂളിൽ സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദീപ് 2018 ലെ പ്രളയകാലത്ത് സ്വയം സമർപ്പിതനായി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെട്ടിരുന്ന പ്രദീപിന്റെ വേർപാട് മറക്കാനാവാത്ത ദുഃഖമായി നമുക്കിടയിൽ അധിവസിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദീപ് ഒരു ദേശത്തിന്റെ പ്രതീകമായും നാടിന്റെ അഭിമാനമായും മാറുകയാണെന്നും മരിക്കാത്ത ഓർമ്മകൾ നിലനിർത്തിക്കൊണ്ടാണ് വിടവാങ്ങിയതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് അനുസ്മരിച്ചു. ധീര സേനാനിയുടെ കുടുംബത്തോടൊപ്പം കൈപിടിക്കാൻ സർക്കാർ സംവിധാനം ഒപ്പമുണ്ടാകുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാറും അനുസ്മരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ജോസഫ് ടാജറ്റ്, ടി എസ് മുരളീധരൻ, കെ വി സജു, ജയകുമാർ തുപ്പനിക്കാട്ട്, കെ പി പോൾ, ഒല്ലൂർ എ സി പി കെ സി സേതു തുടങ്ങിയവരും പ്രദീപിനെ അനുസ്മരിച്ചു.

Eng­lish Sum­ma­ry: The death of JWO Pradeep is an irrepara­ble loss; Nec­es­sary steps will be tak­en to help the fam­i­ly: Min­is­ter K Rajan
You may like this video also

Exit mobile version