Site iconSite icon Janayugom Online

ജെൻസി പ്രക്ഷോഭത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണം; ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം

ജെൻസി പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയാണ് പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടത്. മാധ്യമ സ്ഥാപനങ്ങളുള്‍പ്പെടെ പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്​ലി സ്റ്റാർ, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു നേരെയും ആക്രമണം ഉണ്ടായി. 

ബുധനാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഓഫിസിനു മുന്നിൽ സംഘടിച്ചിരുന്നു. ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്കു കടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ തിരിച്ചെത്തിക്കും വരെ ഹൈക്കമ്മിഷൻ ഓഫിസ് അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. 

ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിക്കുന്നത്. 2024ൽ ബംഗ്ലദേശിൽ ഷേഖ് ഹസീന സർക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഹാദി.

Exit mobile version