വിവര സാങ്കേതിക വിദ്യയുടെ വിസ്ഫോടനത്തിന്റെ ഫലമായി സമൂഹത്തിന് ലഭിച്ച പുതിയ സംവിധാനങ്ങളാണ് നമ്മുടെ സമൂഹമാധ്യമങ്ങള്‍. എഴുത്ത് സന്ദേശ കൈമാറ്റത്തിന്റെ തലത്തില്‍ നിന്ന് സംഭാഷണ കൈമാറ്റങ്ങളിലേയ്ക്കും പിന്നീട് ദൃശ്യങ്ങളുടെ വിനിമയത്തിലേയ്ക്കും സമൂഹമാധ്യമങ്ങള്‍ ഘട്ടംഘട്ടമായിവളര്‍ന്നു. ഇന്ന് ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും വിനിമയോപാധിയായി മാറിയ സമൂഹമാധ്യമങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമാണുള്ളത്. 1970കളുടെ തുടക്കത്തില്‍ ആരംഭിച്ച അന്വേഷണങ്ങളുടെ ഫലമായി 1980ലാണ് പരിമിതമായസൗകര്യങ്ങളോടെ ആദ്യ സമൂഹമാധ്യമ പ്ലാറ്റ്ഫോം ബുള്ളറ്റിന്‍ ബോര്‍ഡ് സിസ്റ്റം (ബിബിഎസ്) രംഗപ്രവേശം ചെയ്യുന്നത്. പിന്നീടും അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പരിമിതമായസൗകര്യങ്ങളോടെ പല പേരുകളിലുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തുകയും അസ്തമിക്കുകയും ചെയ്തു. യാഹൂ, എസ്എന്‍എന്‍, വിന്‍ഡോസ് എന്നിങ്ങനെ പേരുകളിലുള്ള സന്ദേശ സംവിധാനങ്ങള്‍ പിന്നീടും സേവനം തുടരുന്നവയാണ്. കൂടുതല്‍വിപുലമായസന്ദേശ, ദൃശ്യസംവിധാനങ്ങളുള്ള സ്കൈപ്പ് 2003 ലും ഫേസ്ബുക്ക് 2004 ലും സേവനമാരംഭിച്ചവയാണ്. അതേവര്‍ഷംതന്നെ ഫിക്കര്‍, ഓര്‍ക്കുട്ട് എന്നിവയും രംഗത്തെത്തി. അക്കാലത്ത് ഓര്‍ക്കുട്ടിനായിരുന്നു ജനസമ്മതി കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ക്രമേണ എല്ലാവരെയും കടത്തിവെട്ടി ഫേസ്ബുക്ക് ജനസമ്മതിയില്‍ മുന്നേറി. അതിന് പിന്നീടും അന്വേഷണങ്ങളും പരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ പിന്നീടും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഇടംപിടിച്ചു. അങ്ങനെ ഉണ്ടായ നിരവധി എണ്ണത്തില്‍ ഇപ്പോള്‍ ഏറെ ജനസമ്മതിയുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയെയാണ് ലോകത്തിലെ മഹാഭൂരിപക്ഷവും ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഫേസ്ബുക്കിന് ലോകത്താകെ 290 കോടിയോളം ഉപയോക്താക്കളാണുള്ളത്. ട്വിറ്ററിനെ പ്രതിമാസം ശരാശരി 33 കോടിയോളം പേര്‍ ഉപയോഗിക്കുന്നുണ്ട്. 50 കോടി പേര്‍ ലോകത്താകെ പ്രതിദിനം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. അങ്ങനെ ലോകത്തിലെ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന ഇവയ്ക്ക് പുറമേ ചെറുതും വലുതുമായ നിരവധി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ പ്രചാരത്തിലുണ്ട്. പുതിയകാലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ സമൂഹമാധ്യമങ്ങള്‍. ഇവയില്‍ അധികവും കുത്തകകമ്പനികളുടെ ഉടമസ്ഥതയിലാണ് എന്നതിനാല്‍തന്നെ സമൂഹത്തിന്റെ പൊതുതാല്പര്യത്തിനപ്പുറം വാണിജ്യപരമായ നേട്ടങ്ങള്‍ക്കായി ഏതറ്റം വരെയും പോകുന്നതിന് തയ്യാറാകുന്നുവെന്ന അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
ഇതുംകൂടി വായിക്കൂ: സമൂഹമാധ്യമങ്ങൾക്കുമേലുള്ള ചങ്ങലകൾ
കഴിഞ്ഞവര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നതാണ്. ട്രംപിന് അനുകൂലമായി അഭിപ്രായ രൂപീകരണവും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കപ്പെട്ടുവെന്നായിരുന്നു ആരോപണമുണ്ടായത്. ഉപയോക്താക്കളായിരുന്നില്ല ഉടമകള്‍ തന്നെയാണ് കുറ്റാരോപിതരായത്. അതിന്റെ തുടര്‍ച്ചയായാണ് തങ്ങളുടെ വാണിജ്യ താല്പര്യങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ — സാമുദായിക ഉള്ളടക്കങ്ങളോട്പക്ഷപാതപരമായ സമീപനം ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ സ്വീകരിക്കുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വന്നിട്ടുള്ളത്.
ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തായിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവയ്ക്കെതിരെ ഇതേരീതിയിലുള്ള ആരോപണം ഉയര്‍ന്നിരുന്നതാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഘട്ടത്തിലും ഡല്‍ഹി കലാപ വേളയിലും ഈ രീതിയിലുള്ള സഹായങ്ങള്‍ ഉണ്ടായെന്നാണ് ഫേസ്ബുക്കിന്റെ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തികളെ ഉദ്ധരിച്ചുള്ള ആഗോള മാധ്യമ വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചുള്ള പ്രചരണത്തിന് അവസരമൊരുക്കിയതിന് പ്രതിഫലം നല്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവും പുറത്തുവന്നവയില്‍ ഉണ്ട്. തീവ്ര വലതുപക്ഷ സംഘടനകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും വ്യാജമായും വിദ്വേഷ പ്രചരണം നടത്തുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുമ്പോള്‍തന്നെ എതിര്‍വിഭാഗത്തിന്റേതെന്ന് വ്യാഖ്യാനിക്കാവുന്ന അക്കൗണ്ടുകള്‍ അംഗീകരിക്കാതിരിക്കുകയോ ഒഴിവാക്കുകയോചെയ്യുന്ന രീതിയും ഫേസ്ബുക്ക് പോലുള്ളവ അവലംബിച്ചു. ഏറ്റവും ഒടുവില്‍ ഫേസ്ബുക്ക് പുറത്തുവിട്ട, നിരോധിച്ച വ്യക്തികളുടെയും സംഘടനകളുടെയും പട്ടികയില്‍ ഭൂരിപക്ഷവും മുസ്‌ലിം സംഘടനകളാണെന്നത് ഈ ആരോപണം ശരിവയ്ക്കുന്നു. ഒക്ടോബര്‍ 12ന് 4000 വ്യക്തികളും സംഘടനകളും (ഡിഐഒ) ഉള്‍പ്പെടുന്ന പട്ടികയാണ് ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചത്.
ഇതുംകൂടി വായിക്കൂ: ട്രംപിന് സ്വന്തം സാമൂഹിക മാധ്യമം
യഥാര്‍ത്ഥത്തില്‍ നിഷ്പക്ഷമായ സന്ദേശ — പ്രചരണ സംവിധാനമാണെന്ന് നാം ധരിച്ചുവച്ചിരിക്കുന്ന സമൂഹമാധ്യമങ്ങള്‍ വ്യാപാര — വാണിജ്യ താല്പര്യങ്ങള്‍ക്കുവേണ്ടി പ്രകടമായപക്ഷപാതിത്വം, അതും തീവ്ര വലതുപക്ഷത്തോടുള്ളത് സ്വീകരിക്കുന്നുവെന്നാണ് യുഎസ് തെരഞ്ഞെടുപ്പ് വേളയിലും ഇപ്പോഴും പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ബോധ്യപ്പെടുത്തുന്നത്. രാജ്യങ്ങളുടെ ആഭ്യന്തരസുരക്ഷിതത്വത്തെ; തകര്‍ക്കാനിടയിലുള്ള അത്തരം സമീപനങ്ങളിലൂടെയും വ്യക്തിഗത വിവരങ്ങള്‍ പോലും വില്പനച്ചരക്കാക്കുന്ന കച്ചവടത്തിലൂടെയും സമൂഹമാധ്യമ കുത്തകകള്‍ ആധുനിക സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണ്. അതോടൊപ്പം തങ്ങളെ വിശ്വസിച്ച് ഉപയോഗിക്കുന്ന ലോകത്തെ കോടിക്കണക്കിന് വ്യക്തികളെ വഞ്ചിക്കുക കൂടിയാണ് ഇവര്‍.
YOU MAY ALSO LIKE THIS VIDEO;