ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗത്ത് മുങ്ങിമരിച്ച റെയിൽവേ കരാർ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടു വച്ച് നൽകാനുള്ള തിരുവനന്തപുരം കോർപറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം. വീട് നിർമ്മിക്കാൻ ആവശ്യമായ ഭൂമി വാങ്ങിനൽകാൻ ജില്ലാ പഞ്ചായത്തിനും അനുമതി നൽകി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പരമാവധി രണ്ടര ലക്ഷം രൂപ വിലയ്ക്ക് ഭൂമി വാങ്ങണമെന്നാണ് നിർദേശം.
മൂന്ന് മുതൽ അഞ്ച് സെന്റ് വരെയാകണം സ്ഥലത്തിന്റെ അളവ്. നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരമാവധി ധനസഹായം വീട് നിർമ്മിക്കാൻ അനുവദിക്കാൻ കോർപറേഷനോടും നിർദേശിച്ചു. ഇതിനും തനത് ഫണ്ട് ഉപയോഗിക്കണമെന്നാണ് ഉത്തരവ്. ജൂലൈ 19ന് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് ജോയിയുടെ കുടുംബത്തിന് കോർപറേഷൻ വീട് നൽകുന്ന അജണ്ട പാസാക്കിയത്.