ധീര രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണിൽ സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 10ന് അത്‌ലറ്റുകൾ എത്തിക്കുന്ന ദീപശിഖ സമ്മേളന വേദിയായ കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്‌കെ കൺവെൻഷൻ സെന്റർ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
43 വർഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐ സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാവുന്നത്. സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്നലെ വൈ കിട്ടാണ് വലിയ ചുടുകാട്ടിൽ എത്തിച്ചത്. സിപിഐ ശതാബ്ദിയെ സ്മരിച്ച് 100 വനിതാ അത്‌ലറ്റുകളാണ് ദീപശിഖ സമ്മേളന വേദിയിൽ എത്തിക്കുന്നത്.
സിപിഐയുടെ യുട്യൂബ് ചാനലായ ‘കനൽ’ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. 11,12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും. 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ന് അഞ്ച് മണിക്ക് എസ് കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന് സമാപനം കുറിച്ച് 12ന് വൈകിട്ട് മൂന്നിന് നാൽപ്പാലം കേന്ദ്രീകരിച്ച് വാേളണ്ടിയർ പരേഡ് ആരംഭിക്കും. 4.30ന് അതുൽ കുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ച് ) നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.

