Site icon Janayugom Online

സിഎഎ റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു

നിയമം പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് കീഴിലുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കിയതോടെ സിഎഎയും റദ്ദാക്കണമെന്ന ആവശ്യവും വീണ്ടും ഉയര്‍ന്നു വരികയാണ്. 2019 ഡിസംബർ 12ന് സിഎഎ വിജ്ഞാപനം ചെയ്തു. 2020 ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. എന്നാല്‍ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനും കാരണമായ നിയമമാണ് പൗരത്വ ഭേദഗതി.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതുപോലെ സിഎഎയും റദ്ദാക്കണമെന്ന് മേഘാലയയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപി എംപി അഗത സാങ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ സഹോദരി കൂടിയാണ് അഗത. കോവിഡ് വാക്സിനേഷന്‍ യജ്ഞം പൂര്‍ണമാകുന്നതോടെ സിഎഎ പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റവുമൊടുവില്‍ പറഞ്ഞത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അമിതാ ഷായുടെ ഈ പ്രഖ്യാപനം.

കഴിഞ്ഞദിവസം പാര്‍ലമെന്റിലാകട്ടെ നിയമം എന്ന് നടപ്പാക്കുമെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തത നല്‍കിയില്ല. സിഎഎ നിയമം രാജ്യസഭയില്‍ പാസാക്കിയതിനു പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധങ്ങള്‍. മതപീഡനങ്ങളെ തുടര്‍ന്ന് അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയമം ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സിഎഎ, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവ നടപ്പാക്കുന്നത് രാജ്യത്തെ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. നിയമം റദ്ദാക്കാന്‍ അന്താരാഷ്ട്ര തലത്തിലും സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. അടുത്തിടെ നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നിയമം ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടിയിരുന്നതെങ്കിലും ഫലം വന്നപ്പോള്‍ വന്‍ തിരിച്ചടി നേരിടേണ്ടിവന്നു.

ആറുലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു 

 

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിന് ശേഷം 2017 മുതല്‍ ആറുലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. നാല് വര്‍ഷത്തെ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. ഈ വര്‍ഷം സെപ്തംബര്‍ 31 വരെ മാത്രം 1.1 ലക്ഷം പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. 2017ല്‍ 1,33,049 പേരും 2018ല്‍ 1,34,561 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2019ല്‍ 1,44,017 പേരും 2020ല്‍ 85,248 പേരും പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,117 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു.

എന്‍ആര്‍സി ആലോചനയിലില്ല

 

ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) തയാറാക്കാൻ ഇതുവരെ ദേശീയതലത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ അസമിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം 2019ൽ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽക്കൊണ്ടു വരാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.

eng­lish summary;The demand for the abo­li­tion of the CAA is strong

you may also like this video;

Exit mobile version