Site iconSite icon Janayugom Online

അബ്ദുൽ ലത്തീഫിനും കുടുംബത്തിനും നഷ്ടമായത് 4 മക്കളെ; കുരുന്നുകൾക്ക് കണ്ണീർ ചിതയൊരുക്കി പ്രവാസ ലോകം

അബുദാബി വാഹനാപകടത്തിൽ മരിച്ച കുരുന്നുകൾക്ക് കണ്ണീർ ചിതയൊരുക്കി പ്രവാസ ലോകം. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ 4 മക്കളും വീട്ടിലെ ജോലിക്കാരിയുമാണ് അപകടത്തിൽ മരിച്ചത്. അഷാസ്(14), അമ്മാർ(12) അസാം (8), അയ്യാഷ് (5) എന്നിവരും കുടുംബത്തിലെ വീട്ടുജോലിക്കാരിയായ ബുഷ്‌റയുമാണ് മരിച്ചത്. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളായ അബ്ദുൾ ലത്തീഫ്-റുഖ്‌സാന ദമ്പതികളും അഞ്ച് മക്കളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൽ ലത്തീഫ് മക്കളെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത് വീൽചെയറിലായിരുന്നു. യുഎഇയുടെ പല ഭാഗങ്ങളിൽനിന്നുള്ളവരും കുരുന്നുകളെ അവസാനമായി കാണാൻ സോനാപൂരിൽ തടിച്ചുകൂടിയിരുന്നു. അബ്ദുൽ ലത്തീഫിനും കുടുംബത്തിനും ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരി ഇസ്സ ലത്തീഫ് മാത്രമാണ്. അബുദാബി ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. ലത്തീഫിനും റുഖ്‌സാനയ്ക്കും നാല് മക്കളെയാണ് അപകടത്തിൽ നഷ്ടമായത്. ഇവരുടെ മകൾ നിലവിൽ അബുദാബിയിലെ ആശുപ്രത്രിയിൽ ചികിത്സയിലാണ്. അബ്ദുൾ ലത്തീഫും റുഖ്‌സാനയും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ കൈയ്ക്ക് റുഖ്‌സാന ശസ്ത്രക്രിയയ്ക്ക് വിധേയയായി.

Exit mobile version