ഭിന്നശേഷിസമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തെയും പോലെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിച്ച് സ്വയംപര്യാപ്തരാക്കുക എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിതലക്ഷ്യം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. കേരളത്തിലെ കഴിഞ്ഞ കാലങ്ങളിലെ ഇടപെടല്‍ ഭിന്നശേഷി വ്യക്തിത്വങ്ങളെ കരുതലോടെ സമീപിക്കാനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനുമുള്ള വഴികള്‍ തുറന്നു.
ഭിന്നശേഷി പുനരധിവാസത്തിന് വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ നടപ്പാക്കി. നാഡീപ്രശ്നം കാരണം ചലനമറ്റവര്‍ക്ക് ചികിത്സ എളുപ്പമാക്കുന്ന അഡ്വാന്‍സ്ഡ് ന്യൂറോ ഫിസിയോതെറാപ്പി യൂണിറ്റ്, ചലനപ്രശ്നങ്ങള്‍ ഉള്ളവരുടെയും കായികതാരങ്ങളുടെയും ചലനക്ഷമത കൂട്ടാന്‍ ഇന്‍സ്ട്രുമെന്‍റഡ് മോഷന്‍ ആന്‍ഡ് ഗെയ്റ്റ് അനാലിസിസ് ലാബ്, ഭിന്നശേഷിസൗഹൃദ വാഹന പദ്ധതിയായ ‘വീല്‍ ട്രാന്‍സ് പ്രൊജക്ട്’ എന്നിവയും ആരംഭിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്‍റെ നേതൃത്വത്തില്‍ മലയാള അക്ഷരമാലയില്‍ ഏകീകൃത ആംഗ്യഭാഷാ ലിപി (ഫിംഗര്‍ സ്പെല്ലിങ് ) രൂപകല്‍പ്പന ചെയ്തു.
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭിന്നശഷിക്കാര്‍ക്കും യുഡിഐഡി കാര്‍ഡ് നല്‍കുന്നതിന്‍റെ ഭാഗമായി 89,522 യുഡിഐഡി ജനേററ്റ് ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചു. ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന പേരില്‍ എല്ലാ ബ്ലോക്കുകളിലും സഹജീവനം ഭിന്നശേഷി സഹായക കേന്ദ്രങ്ങള്‍ തുറന്നു. 263 ഭിന്നശേഷി കുട്ടികൾക്ക് ഹസ്തദാനം പദ്ധതിയില്‍ 20,000 രൂപവീതം സ്ഥിരനിക്ഷേപം നല്‍കി. കോവിഡ് കാലകൈത്താങ്ങായി ഭിന്നശേഷിക്കാരായ 534 ലോട്ടറി വില്‍പ്പനക്കാര്‍ക്ക് 5000 രൂപ വീതം ബാങ്കുകളിലെത്തിച്ചു.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന മെറിഹോം ഭവനവായ്പാ പദ്ധതി ആരംഭിച്ചു. 2022–2023 സാമ്പത്തിക വര്‍ഷം 1,075 ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറും മറ്റ് സഹായക ഉപകരണങ്ങളും വിതരണം ചെയ്തു. ബാരിയര്‍ ഫ്രീ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
കുട്ടികളെ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നത്. സ്കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2022–23 അക്കാദമിക വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്നുണ്ട്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേരളത്തിലാകെ മുന്നൂറിലധികം സവിശേഷ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25000 ത്തോളം കുട്ടികള്‍ ഇത്തരം വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. 168 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളില്‍ ഓട്ടിസം സെന്‍ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയിലൂടെ കുട്ടികള്‍ക്കായി തെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
ശാരീരിക അവശതമൂലം സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമഗ്രശിക്ഷാ കേരളയുടെ പഠനസഹായം നല്‍കി വരുന്നുണ്ട്. 8245 കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്ക് അധിക പിന്തുണ ഉറപ്പാക്കാന്‍ 1500 സ്പെഷ്യല്‍ കെയര്‍ സെന്‍ററുകള്‍ സമഗ്രശിക്ഷാ കേരളയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2019 മുതല്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന ഏകദേശം 300ല്‍ പരം സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ് നടപ്പിലാക്കിവരുന്നു.
പൊതുവിടങ്ങളിലെ സര്‍ക്കാര്‍തല ഇടപെടലിന് മികച്ച ഉദാഹരണങ്ങളിലൊന്നാണ് തിരുവനന്തപുരം മ്യൂസിയത്തിലെ ബാരിയര്‍ ഫ്രീ പാര്‍ക്ക്. ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 14 ജില്ലകളിലായി 84 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.