Site iconSite icon Janayugom Online

സംസ്ഥാനത്ത് അവസാനമായി വധശിക്ഷയ്ക്ക് നേതൃത്വം നല്‍കിയ ഡിഐജി ഇനി ഓര്‍മ്മ

സംസ്ഥാനത്ത് അവസാനമായി വധശിക്ഷയ്ക്ക് നേതൃത്വം നല്‍കിയ ജയില്‍ സൂപ്രണ്ട് എന്‍ പി കരുണാകരന്‍ ഇനി ഓര്‍മ. നമ്മുടെ നാടിനെ ഒരുകാലത്ത് വിറപ്പിച്ച വാകേരി ചിരട്ടമ്പത്ത് ബാലകൃഷ്ണനെയും റിപ്പര്‍ ചന്ദ്രന്‍ എന്ന മുതുകുറ്റി ചന്ദ്രനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത് ജയില്‍ സൂപ്രണ്ട് എന്‍ പി കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. 1990 മാര്‍ച്ച് 16നാണ് വയനാട് വാകേരി ചിരട്ടമ്പത്ത് ബാലകൃഷ്ണനെ തൂക്കിലേറ്റിയത്. തുടര്‍ന്ന് 1991 ജൂലായ് ആറിന് കാസര്‍കോട് നീലേശ്വരം കരിന്തളം സ്വദേശി മുതുകുറ്റി ചന്ദ്രനെയും തൂക്കിലേറ്റി. നീലേശ്വരം കരിന്തളം സ്വദേശി റിപ്പര്‍ ചന്ദ്രനെയാണ് സംസ്ഥാനത്ത് അവസാനമായി വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ആരാച്ചാരുടെ തസ്തിക ഇല്ലാത്തതിനാല്‍ വധശിക്ഷ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ജയില്‍ സൂപ്രണ്ടിനായിരുന്നു. വിധി നടപ്പിലാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പുറത്ത് നിന്ന് ആളുകളെ കണ്ടെത്തി ശിക്ഷ നടപ്പിലാക്കുകയായിരുന്നു. പിന്നീട് സംസ്ഥാനത്ത് ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ല.

 

1985–86 കാലഘട്ടത്തിലാണ് വടക്കന്‍ കേരളത്തെ റിപ്പര്‍ വിറപ്പിച്ചത്.  സന്ധ്യ മയങ്ങിയാല്‍ റിപ്പറെ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതെയായി. റോഡുകള്‍ വിജനമായി. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടു. നരാധമനെ തേടി പൊലീസ് നെട്ടോമോടി. 14 കൊലപാതകങ്ങളില്‍ ദമ്പതിമാരെ വധിച്ച കേസില്‍ മാത്രമാണ് വധശിക്ഷ ലഭിച്ചത്. മറ്റുള്ളവയില്‍ ജീവപര്യന്തം. ശിക്ഷ നടപ്പാക്കും മുന്‍പ് അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് ചന്ദ്രന്‍ പറഞ്ഞതായി അന്നത്തെ സൂപ്രണ്ടായിരുന്ന കരുണാകരന്‍ വെളിപ്പെടുത്തിയിരുന്നു. വിധി നടപ്പാക്കാന്‍ പോകുകയാണെന്ന് അറിയിച്ചപ്പോള്‍ ചായ ആവശ്യപ്പെട്ടു. അതില്‍ കുറച്ച് കുടിച്ചു. തുടര്‍ന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരെ തൂക്കുമരത്തിലേക്ക് ശാന്തനായി നടന്നു. കൈകള്‍ പിറകിലേക്ക് കെട്ടി മുഖംമൂടി ധരിപ്പിച്ചു. തൂക്കിലേറ്റാന്‍ ഒരു മിനിട്ട് മാത്രം ബാക്കിനില്‍ക്കേ റിപ്പര്‍ ചന്ദ്രന്റെ ഹൃദയമിടിപ്പ് അരികിലുള്ളവര്‍ക്ക് കേള്‍ക്കാമായിരുന്നു. അടുത്തുനിന്ന  ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരുന്നു. ആരും പരസ്പരം നോക്കുക പോലും ചെയ്തില്ല. കോടതിവിധി  നടപ്പാക്കാന്‍ പോകുകയാണെന്ന് സൂപ്രണ്ട് പറഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ചന്ദ്രന്‍ പറഞ്ഞു  ‘ഞാന്‍ തയ്യാറാണ് സാര്‍’.… ഇതായിരുന്നു അവസാന വാക്കുകളെന്ന് ഒരു അഭിമുഖത്തില്‍ എന്‍ പി കരുണാകരന്‍  വെളിപ്പെടുത്തിയിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തി റെക്കോഡ് എഴുതുമ്പോള്‍ കൈവിറയലുണ്ടായതായും അന്ന് കരുണാകരന്‍ ഓര്‍ത്തിരുന്നു.

 

അടിയന്തിരാവസ്ഥക്കാലത്ത്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍  വെല്‍ഫെയര്‍ ഓഫീസറായിരുന്നു കരുണാകരന്‍ അക്കാലത്ത് ജയിലിലുണ്ടായിരുന്ന മുന്‍നിര രാഷ്ട്രീയ നേതാക്കളുമായി അടുത്ത ചങ്ങാത്തിലായിരുന്നു. പിന്നീട് ജയില്‍ സൂപ്രണ്ടായ ശേഷം ഉത്തര മേഖലയിലെ മിക്ക ജില്ലാ ജയിലുകളിലും സേവനമനുഷ്ഠിച്ചിരുന്നു. അഴീക്കോട്ടെ മികച്ചൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് എൻ പി കരുണാകരന്‍. ജയില്‍ ഡിഐജിയായി തിരുവനന്തപുരത്ത് നിന്നാണ് റിട്ടയര്‍ ചെയ്തത്.

Exit mobile version