Site icon Janayugom Online

ഡിജിറ്റല്‍ വിപ്ലവം തളരുന്നു; ഗ്രാമീണ മേഖലകളുടെ പങ്ക് വെറും ഏഴ് ശതമാനം

യുപിഐ വന്‍ വിപ്ലവം സൃഷ്ടിച്ചപ്പോഴും ഗ്രാമപ്രദേശങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റ് കുറയുന്നു. 2016ലാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വികസിപ്പിച്ചത്.

2021–2022 സാമ്പത്തിക വര്‍ഷത്തില്‍ 4,597 കോടി ഇടപാടുകളിലൂടെ 84 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് മൂല്യം യുപിഐ കൈവരിച്ചിരുന്നു. ഇത് അതിനു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളേക്കാള്‍ ഇരട്ടിയാണ്.

എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ മൂന്നു മുതല്‍ ഏഴ് ശതമാനം ജനങ്ങള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 1ബ്രിഡ്ജ് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ 10,000 ഗ്രാമങ്ങളില്‍ 1ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക വ്യവസായികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമാണിത്. ഓരോ ഗ്രാമങ്ങളിലും ഇവരുടെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി 500 ഗ്രാമങ്ങളിലും ബേക്കറികള്‍, മൊബൈല്‍ ഫോണ്‍ കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങി അവരുടെ ഉപഭോക്താക്കളുള്ള 120 പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലും അവര്‍ സര്‍വേ നടത്തി.

ഇതില്‍ 40 ശതമാനം പേര്‍ക്കും യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ചോ അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചോ അറിയില്ല. അതേസമയം പണം നഷ്ടപ്പെടുമെന്ന ഭീതിമൂലം ചിലര്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്നും അകലം പാലിക്കുകയാണെന്നും സര്‍വേയില്‍ കണ്ടെത്തി.

20 പേര്‍ നേരിട്ടുള്ള പണമിടപാടുകളില്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ 10 ശതമാനം പേര്‍ കുറഞ്ഞ ബാങ്ക് ബാലന്‍സ് ചൂണ്ടിക്കാട്ടി. യുപിഐ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്ന് 1ബ്രിഡ്ജ് സ്ഥാപകനായ മദന്‍ പഡാക്കി പറയുന്നു.

നിരവധി ബാങ്കുകള്‍ക്ക് ഇപ്പോഴും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. ഗ്രാമീണ മേഖലകളില്‍ നിരവധി തവണ യുപിഐ ഇടപാടുകള്‍ പരാജയപ്പെടുന്നതായാണ് കണ്ടുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish summary;The dig­i­tal rev­o­lu­tion is fad­ing; The share of rur­al areas is just sev­en per cent

You may also like this video;

Exit mobile version