തകരാറിനെ തുടർന്ന് ഷൊർണൂരിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വന്ദേഭാരതിന്റെ വാതിൽ ലോക്കായാണ് യാത്രക്കാർ മൂന്ന് മണിക്കൂർ ട്രെയിനിൽ കുടുങ്ങിയത്. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് 3 മണിക്കൂറിലധികം ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് ട്രെയിന്‍ പിടിച്ചിട്ടതെന്ന് റെയിൽവേ അറിയിച്ചിരുന്നു.
എസിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെയും വന്നതോടെ യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങുകയായിരുന്നു. എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ബി ക്യാബിന് സമീപമാണ് നിർത്തിയിട്ടത്. ബുധനാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിൻ ഇവിടെയെത്തിയത്. ട്രെയിന്‍ തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചു.
മറ്റൊരു ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ തിരുവനന്തപുരത്തേയ്ക്ക് യാത്ര പുനരാരംഭിച്ചത്. വാതിലുകൾ ഉൾപ്പെടെ ലോക്കായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. സംഭവത്തെപ്പറ്റി വിശദമായ അന്വേഷിക്കുമെന്നു റെയിൽവേ പറഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ എത്രയും പെട്ടെന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.