അംഗീകാരമില്ലാത്ത വേദനസംഹാരി മരുന്ന് സംയുക്തങ്ങളുടെ കയറ്റുമതി വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഗുരുതരമായ ലഹരിമരുന്ന് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന ബിബിസിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രമന്ത്രാലയത്തിന്റെ നടപടി. ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കളായ എവിയോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപനങ്ങളില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും (സിഡിഎസ്‌സിഒ) മഹാരാഷ്ട്ര റഗുലേറ്ററി അതോറിട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി മരുന്ന് സംയുക്തങ്ങളുണ്ടാക്കുന്നതും കയറ്റുമതി ചെയ്യുന്നതും കണ്ടെത്തിയത്.
വേദനസംഹാരികളായ ടപന്റഡോള്‍, കരിസൊപ്രൊഡോള്‍ എന്നീ മരുന്നുകളുടെ നിര്‍മ്മാണത്തിന് രാജ്യത്ത് നിര്‍മ്മാണ അനുമതിയുണ്ട്.
എന്നാല്‍ ലഹരിമരുന്ന് പട്ടികയില്‍ വരുന്ന ഇവയുടെ സംയുക്തം ഉല്പാദിപ്പിച്ച് എവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് കയറ്റിയയ്ക്കുന്നുവെന്നായിരുന്നു ബിബിസി റിപ്പോര്‍ട്ട്. പരിശോധനയ്ക്ക് പിന്നാലെ മരുന്ന് നിര്‍മ്മാണവും കയറ്റുമതിയും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അസംസ്കൃത വസ്തുക്കള്‍, നിര്‍മ്മാണത്തിലിരുന്നവ, നിര്‍മ്മാണം പൂര്‍ത്തിയായ മരുന്നുകള്‍ തുടങ്ങിയവയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. 1.3 കോടി ടാബ്‌ലറ്റുകളാണ് ഇവിടെ നിന്ന് പിടികൂടിയത്. ഗാനയിലേക്ക് കയറ്റി അയയ്ക്കാനായി മുംബൈ എയര്‍ കാര്‍ഗോയിലെത്തിയ രണ്ടു മരുന്നുകളുടേയും സംയുക്തം വിശദമായ പരിശോധനയ്ക്ക് വേണ്ടി തടഞ്ഞുവച്ചിരിക്കുകയാണ്.
2022 ഡിസംബര്‍ മുതല്‍ സിഡിഎസ്‌സിഒ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മരുന്ന് നിര്‍മ്മാണ, പരീക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിവരുന്നുണ്ട്. ഈ കാലയളവില്‍ 905 യൂണീറ്റുകളില്‍ പരിശോധന നടത്തിയ 694 ഇടങ്ങളിലും നടപടിയെടുത്തു. നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക, പരിശോധന നിര്‍ത്തിവയ്ക്കല്‍, മുന്നറിയിപ്പ്. കാരണം കാണിക്കല്‍ നോട്ടീസ് തുടങ്ങി വ്യത്യസ്ത നടപടികളാണ് സിഡിഎസ്‌സിഒ സ്വീകരിക്കുന്നത്.

