Site iconSite icon Janayugom Online

അനുജൻ്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

കുടുംബ വഴക്കിനിടെ അനുജൻ്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. തടയാൻ ശ്രമിച്ച ബന്ധുക്കളായ രണ്ടുപേർക്ക് വെട്ടേറ്റു. ചെമ്മനാട് മാവില റോഡ് പേറവളപ്പിലെ എ ചന്ദ്രൻ നായർ (50) ആണ് മരിച്ചത്. 

പേറവളപ്പിലെ എ മണികണ്ഠൻ(46), എം ഗോപിനാഥൻ (44) എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ രണ്ടുപേരുടേയും വലതു കൈക്കാണ് സാരമായ പരിക്ക്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ചന്ദ്രൻനായരുടെ ഇളയ സഹോദരൻ എ ഗംഗാധരനെ(47) മേൽപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് സംബന്ധിച്ച് ചന്ദ്രൻ നായരും ഗംഗാധരനും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി സഞ്ചിയിൽ കത്തി ഒളിപ്പിച്ച് മദ്യ ലഹരിയിൽ എത്തിയ ഗംഗാധരൻ ചന്ദ്രന്റെ വീട്ടിലെത്തി ആദ്യം ബഹളം വെച്ചു. ശബ്ദം കേട്ട് അയൽവാസികളായ മണിയും ഗോപിയും ഓടിയെത്തി. ഇതിനിടെ കത്തിയെടുത്ത് ചന്ദ്രനെ ആക്രമിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് ഗംഗാധരനെ മാറ്റുന്നതിനിടെ യാണ് ഇരുവർക്കും വെട്ടേറ്റത്. നെഞ്ചിന് വെട്ടേറ്റ ചന്ദ്രൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. വെട്ടാൻ ഉപയോഗിച്ച വാൾ പോലീസ് കസ്റ്റഡിയിലെടുത്തു. കൂലിപണിക്കാരനാണ് ചന്ദ്രൻ. അച്ഛൻ: കുമാരൻ നായർ. അമ്മ: കുഞ്ഞമ്മാർ. ഭാര്യ: കെ രമണി (പാടി). മക്കൾ: കെ.മാളവിക (പി ജി വിദ്യാർഥിനി, എറണാകുളം മഹാരാജാസ് കോളേജ് ),ശിവമായ . മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version