രാജ്യസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ നാലും പഞ്ചാബിലെ ഒരു സീറ്റിലേക്കുമാണ് ഒക്ടോബർ 24ന് വോട്ടെടുപ്പ് നടക്കുക. അതേദിവസം വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കും. ഒഴിവുകളുള്ള അഞ്ച് സീറ്റുകളിലേക്ക് ഒക്ടോബർ ആറിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 14ന് നടക്കും. ഒക്ടോബർ 16 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അവസരമുണ്ടാകും.
ഗുലാം നബി ആസാദ്, മിർ മുഹമ്മദ് ഫയാസ്, ഷംഷാർ സിങ്, നസീർ അഹമ്മദ് ലാവാ എന്നിവരുടെ കാലാവധി 2021 ഫെബ്രുവരിയിൽ പൂർത്തിയായതിന് ശേഷം ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പഞ്ചാബിലെ ഒഴിവ് ആം ആദ്മി പാർട്ടി എം പി സഞ്ജീവ് അറോറ കാലാവധി പൂർത്തിയാകും മുൻപ് രാജിവെച്ചതിനെ തുടർന്നാണ്. 2028 ഏപ്രിൽ ഒമ്പതിനാണ് അറോറയുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.
ജമ്മു കശ്മീരിലെ നാല് ഒഴിവുകളിൽ മൂന്നെണ്ണം വ്യത്യസ്ത കാലയളവുകളിലായിരുന്നതിനാൽ മൂന്ന് വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനുപാതിക പ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് ഒഴിവുകളും ഒറ്റ തെരഞ്ഞെടുപ്പിലൂടെ നികത്തണമെന്ന് കോൺഗ്രസ് വാദിച്ചു. എന്നാൽ കോൺഗ്രസിന്റെ ഈ ഹർജി കോടതി തള്ളി. മൂന്ന് സീറ്റുകൾ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി തരംതിരിച്ചതിനാൽ വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ശരിയായ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി.

