Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിക്കൂട്ടില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ ഉന്നത ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗവുമായി അരങ്ങ് വാഴുമ്പോള്‍ നടപടിക്ക് സന്നദ്ധമാകാത്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിക്കൂട്ടില്‍. പ്രധാനമന്ത്രി മോഡി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ വിദ്വേഷ പ്രസംഗം വിവാദമായപ്പോള്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് കമ്മിഷന് ലഭിച്ചത്. 

നേരത്തെയും മോഡി ഉള്‍പ്പെടെ നടത്തിയ നഗ്നമായ ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടായെങ്കിലും കമ്മിഷന്‍ പുലര്‍ത്തുന്ന നിസംഗതയും പക്ഷപാതിത്വവും ചോദ്യം ചെയ്യപ്പെടുകയാണ്. മോഡിയുടെ ബന്‍സ്വാര പരാമര്‍ശത്തിനെതിരെ സിപിഐ, സിപിഐ(എം) കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും 17,000ത്തിലധികം പൗരന്മാരും പിയുസിഎല്‍, രാജസ്ഥാന്‍ ഇലക്ഷന്‍ വാച്ച് തുടങ്ങിയ നിരവധി സംഘടനകളും കമ്മിഷന് പരാതി നല്‍കി. എന്നാല്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് കമ്മിഷന്‍ സ്വീകരിച്ചത്. 

കേന്ദ്ര മന്ത്രിമാരും തങ്ങളുടെ സ്ഥാനമുപയോഗിച്ച് പ്രഖ്യാപനങ്ങളും പരിപാടികളും ആവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം സിയാച്ചിൻ സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെയ്യുകയും ആഭ്യന്തരമന്ത്രി അമിത് ഷാ 11 ഗൂർഖ ഉപഗ്രൂപ്പുകളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് കമ്മിഷന്‍. നേരത്തെ കോയമ്പത്തൂരില്‍ സ്കൂള്‍ കുട്ടികളെ റാലിയില്‍ അണിനിരത്തിയെന്ന പരാതിയിലും കമ്മിഷന്‍ നടപടിയെടുത്തില്ല. അതേസമയം പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയുള്ള പരാതികളില്‍ നോട്ടീസ് അയക്കുകയും വിശദീകരണം തേടുകയും പ്രചാരണവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നുമുണ്ട്.
തങ്ങള്‍ക്കെതിരെ കമ്മിഷന്‍ മിണ്ടില്ലെന്ന് ബോധ്യമുള്ളതുപോലെ മോഡിയും ബിജെപി നേതാക്കളും വിദ്വേഷം കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ബന്‍സ്വാരയ്ക്കുശേഷം അലിഗഢിലെത്തിയ മോഡി അവിടെയും രാജസ്ഥാനിലെ തന്നെ ടോങ്ക് മണ്ഡലത്തിലും വിദ്വേഷപ്രസംഗം തന്നെയാണ് നടത്തിയത്. 

ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കണം: ബിനോയ് വിശ്വം

ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളിൽ നിന്നുള്ള ഗുരുതരമായ ക്രമക്കേടുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. മതേതര ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്തുന്നതിന് വേണ്ടി ഉണ്ടാക്കിയ പെരുമാറ്റച്ചട്ടത്തിനും മറ്റ് വ്യവസ്ഥകൾക്കും മുകളിലാണ് ചില വ്യക്തികൾ എന്ന പ്രതീതിയുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം നേരിട്ട് അധികാരം ലഭിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ വിദ്വേഷ പ്രസംഗം, പ്രകോപനങ്ങൾ, വിഭാഗീയ പ്രസ്താവനകൾ എന്നിവ നടത്തിയ നിരവധി സന്ദർഭങ്ങൾ ഉണ്ടായി. അതില്‍ ഒടുവിലത്തേതാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം.
ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം വിലയിരുത്തി കർശന നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യതയിലും നിഷ്പക്ഷതയിലും ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: The Elec­tion Com­mis­sion is responsible

You may also like this video

Exit mobile version