Site iconSite icon Janayugom Online

അനവസരത്തിലുള്ള എസ്ഐആറില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്മാറണം: ബിനോയ് വിശ്വം

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി മുന്നോട്ടു പോകാനുള്ള നടപടിയില്‍ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും തകര്‍ക്കാന്‍ തക്കവിധം മാരക ശേഷിയുള്ള ആപത്താണ് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ പേരില്‍ നടന്നുവരുന്നത്. ഭൂരിപക്ഷത്തിന്റെ മതവും സംസ്‌കാരവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പക്ഷം ന്യൂനപക്ഷങ്ങള്‍ വോട്ടവകാശം ഇല്ലാത്തവരായി ഇന്ത്യയില്‍ കഴിയേണ്ടി വരുമെന്ന് അനുശാസിക്കുന്ന ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ പിന്‍പറ്റുന്നവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമീപകാല ചെയ്തികള്‍ പലതും ഈ രാഷ്ട്രീയത്തിന് ഒത്താശ ചെയ്തു വരികയാണ്. സമുദായിക വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ഉള്ള സംഘപരിവാര്‍ ശക്തികളുടെ കുടില ബുദ്ധിയുടെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ രാജ്യമെമ്പാടും നാം കാണുകയാണെന്നും സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. നിയമവിരുദ്ധ കുടിയേറ്റത്തിന്റെ പേരില്‍ ബീഹാറില്‍ തീവ്ര പരിശോധനയിലൂടെ പുറത്താക്കപ്പെട്ടത് 65 ലക്ഷം സമ്മതിദായകരാണ്. 

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ തത്വങ്ങളെ തന്നെ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചെയ്തികള്‍ക്കെതിരെ സിപിഐ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കയാണ് ഇപ്പോള്‍ കേരളത്തിന് പുറമേ തമിഴ്‌നാടും പശ്ചിമബംഗാളും ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തീവ്ര പരിശോധനയുമായി കമ്മിഷന്‍ മുന്നോട്ട് പോകുന്നത്. ഇത്തരമൊരു പരിശോധന കേന്ദ്രഭരണ കക്ഷിക്ക് രാഷ്ട്രീയ അസൗകര്യം ഉണ്ടാക്കുമെന്നതിനാല്‍ ആസാമിനെ തീവ്ര പരിശോധനയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 20ന് ശേഷമേ തീവ്രപരി പരിശോധന നടത്താവൂ എന്ന കേരള സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം കമ്മിഷന്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതാണ് അതിന് കാരണമായി പറഞ്ഞത്. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പേരില്‍ കര്‍ണാടകയെയും മഹാരാഷ്ട്രയെയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 

ആ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല എന്ന വിവരം സൗകര്യപൂര്‍വ്വം കമ്മിഷന്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഹിതകരമായ വിധത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനം പുലര്‍ത്തിക്കൊണ്ടും കേന്ദ്ര ഭരണകക്ഷിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ സൗകര്യം ഒരുക്കിക്കൊണ്ടും നടത്തുന്ന ഈ തീവ്ര പരിശോധനയ്‌ക്കെതിരെ രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും വോട്ടവകാശവും നിലനിന്നു കാണാന്‍ ആഗ്രഹമുള്ള എല്ലാ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.

Exit mobile version