Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട്: ആര്‍ബിഐ മുന്നറിയിപ്പ് അവഗണിച്ചു, വിവാദ നിയമം സൃഷ്ടിച്ചത് രണ്ട് ഐഎഎസുകാര്‍

വിവാദമായ ഇലക്ടറല്‍ ബോണ്ട് സംവിധാനം മോഡി സര്‍ക്കാര്‍ നടപ്പാക്കിയത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യും തെര‍ഞ്ഞെടുപ്പ് കമ്മിഷനും ഉയര്‍ത്തിയ മുന്നറിയിപ്പുകള്‍ മറികടന്ന്. നിയമത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് ബിജെപി അനുകൂലികളായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ട്.

ഭരണകക്ഷിക്ക് വാരിക്കോരി സംഭവാന നല്‍കുന്ന വിവാദ നിയമമായ ഇലക്ടറല്‍ ബോണ്ട് സംവിധാനം അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും വഴിവയ്ക്കുമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. തപന്‍ റോയ്, ഹസ്മുഖ് ആദിയ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിവാദ നിയമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

2017ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് നിയമം ലോക്‌സഭയില്‍ മണിബില്ലായി അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. 2018 ലാണ് നിയമം പ്രാബല്യത്തിലായത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യേഗസ്ഥനായ ഹസ്മുഖ് ആദിയയുടെ നേതൃത്വത്തിലാണ് ബില്‍ പിറവിയെടുത്തത്. ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്ക് പോലും ബില്ലിലെ വ്യവസ്ഥകള്‍ അജ്ഞാതമായിരുന്നു. 2017ല്‍ ബജറ്റ് അവതരണത്തിന് നാലുനാള്‍ മുമ്പ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ആര്‍ബിഐ അഭിപ്രായം തേടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഫയല്‍ ആര്‍ബിഐക്ക് കൈമാറി.

ആര്‍ബിഐ നിയമത്തില്‍ തന്നെ മാറ്റം വരുത്തേണ്ട വിധത്തിലുള്ള ബോണ്ട് നിയമം സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനോട് വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും മറുപടി ഉണ്ടായില്ല. രാജ്യത്തെ പണമിടപാട് സംവിധാനത്തെ അട്ടിമറിക്കുന്ന ഒന്നാണ് ഇലക്ടറല്‍ ബോണ്ടെന്നാണ് ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ്. സംവിധാനം സുതാര്യമല്ലന്നും ചൂണ്ടിക്കാട്ടി. അ‍ജ്ഞാത വ്യക്തികള്‍ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് കള്ളപ്പണം വെളുപ്പിക്കലിന് സമാനമായി മാറും. ബോണ്ടിന് പകരം ചെക്ക് വഴി സംഭാവന ചെയ്യുന്നത് നീരിക്ഷിക്കാന്‍ സാധിക്കുമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.

ആര്‍ബിഐ മുന്നറിയിപ്പ് അവഗണിച്ച ഹസ്മുഖ് ആദിയയും തപന്‍ റോയിയും കരട് നിര്‍ദേശങ്ങളില്‍ ഉറച്ച് നിന്നു. സംഭാവന സ്വീകരിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ അവകാശമുണ്ടെന്ന് തപന്‍ റോയ് പറയുന്നു. ആര്‍ബിഐയുടെ ഘടന തന്നെ പൊളിച്ചെഴുതുന്ന വിധത്തിലുള്ള ഇലക്ടറല്‍ ബോണ്ട് സംവിധാനം വഴി സാധാരണ പൗരന്‍ തുടങ്ങി കുത്തക കമ്പനികള്‍ക്കും കുറ്റവാളികള്‍ക്കും വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാം. പദ്ധതി ആരംഭിച്ചശേഷം ആകെ ബോണ്ടിലെ മുക്കാല്‍പ്പങ്കും ബിജെപിക്കാണ് ലഭിച്ചിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രതിപക്ഷവും മറ്റ് സന്നദ്ധ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദംകേട്ട സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപനം നടത്താനിരിക്കുകയാണ്.

Eng­lish Sum­ma­ry: The elec­toral bond sys­tem was imple­ment­ed over­rid­ing the warn­ings raised by the Reserve Bank of India and the Elec­tion Commission
You may also like this video

Exit mobile version