Site iconSite icon Janayugom Online

കൂട്ടപിരിച്ചുവിടല്‍ തുടരുന്നു; തൊഴില്‍ മേഖല നിശ്ചലം

ആഗോളമാന്ദ്യത്തിലേക്ക് ലോകം ഉറ്റുനോക്കെ ടെക്നോളജി മേഖലയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ടെലികോം ഉപകരണ നിർമ്മാതാക്കളായ എറിക്‌സൺ ചെലവ് ചുരുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ 8,500 ജീവനക്കാരെ പിരിച്ചുവിടും. സ്വീഡനിൽ ഏകദേശം 1,400 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇതോടെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾ കാരണം പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ച ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ പട്ടികയിലേക്ക് എറിക്സണും ചേർന്നു. ഓരോ രാജ്യങ്ങളിലെയും പിരിച്ചുവിടല്‍ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി പറയുന്നു. 

2023ല്‍ ഇതുവരെ 403 കമ്പനികളിലെ പിരിച്ചുവിടല്‍ നടപടികളിലായി 1,10,721 പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. 1,61,061 പേര്‍ക്കാണ് 2022ല്‍ ജോലി നഷ്ടമായത്. ഈ വര്‍ഷം രണ്ടുമാസത്തിനുള്ളില്‍ തന്നെ ഇതിന്റെ 60 ശതമാനം പിന്നിട്ടുകഴിഞ്ഞു. വരുംമാസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഗൂഗിൾ 12,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചപ്പോൾ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരില്‍ 10,000 പേരെ കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. ഒരു തവണ വന്‍തോതില്‍ പിരിച്ചുവിടല്‍ നടപ്പിലാക്കിയ മെറ്റ പുതിയ തൊഴിലവസരങ്ങള്‍ വീണ്ടും വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന പദവിയില്‍ ഉള്ളവരെ താഴ്ന്ന സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും കമ്പനി പദ്ധതിയിടുന്നതായി സൂചനയുണ്ട്.

ഫേസ്ബുക്ക് കഴിഞ്ഞ നവംബറില്‍ 11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളില്‍ ഒന്നാണ്. ഇത് കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു. ഇതോടൊപ്പം, 2023 ആദ്യപാദത്തിലെ നിയമനങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ എസ്‌എപി ലാബ്‌സ് ഇന്ത്യയിലെ മുന്നൂറോളം എക്‌സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. എസ്‌എപിയുടെ ബംഗളൂരു, ഗുരുഗ്രാം ഓഫിസുകളിലെ ജീവനക്കാരെയാണ് നടപടി ബാധിച്ചിരിക്കുന്നത്. ജര്‍മ്മന്‍ സോഫ്റ്റ്‌വേര്‍ കമ്പനിയാണ് എസ്‌എപി. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് കമ്പനിയിലെ സേവനം കണക്കാക്കി പാക്കേജുകള്‍ നല്‍കിയതായും കമ്പനി അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry; The employ­ment sec­tor is stagnant
You may also like this video

Exit mobile version