Site icon Janayugom Online

ഗോ ഫസ്റ്റിന്റെ പതനം; ബാങ്കുകള്‍ ആശങ്കയില്‍

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് വിമാനകമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ വെട്ടിലായിരിക്കുന്നത് രാജ്യത്തെ പ്രമുഖ ധനകാര്യ സേവനദാതാക്കള്‍. 6,500 കോടി രൂപയ്ക്കു മുകളില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ഗോ ഫസ്റ്റ് വായ്പയെടുത്തിട്ടുണ്ട്.
എന്‍സിഎല്‍ടിക്ക് സമര്‍പ്പിച്ചിരിക്കുന്ന രേഖകളനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോയിച്ച്‌ ബാങ്ക് എന്നിവയാണ് ഗോ ഫസ്റ്റിന് വായ്പ നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ 1300 കോടി രൂപ വീതവും ഐഡിബിഐ ബാങ്ക് 50 കോടി രൂപയുമാണ് വായ്പ നല്‍കിയത്. അതേസമയം, നിലവില്‍ ആക്‌സിസ് ബാങ്കില്‍ ഗോ ഫസ്റ്റിന് വായ്പകളൊന്നുമില്ലെന്ന് ബാങ്ക് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വായ്പാ തുകയുടെ 25–30 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ലെന്നാണ് സൂചന. കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്നതിനെ കുറിച്ച് ബാങ്കുകള്‍ക്ക് സൂചനയുണ്ടായിരുന്നില്ലെന്നും പറയുന്നു. അതേസമയം പാപ്പരത്തനടപടിക്ക് അപേക്ഷ നൽകിയത് കമ്പനി വിൽക്കാൻ ഉദ്ദേശിച്ചല്ലെന്നും ബാങ്കുകൾ ഏറ്റെടുക്കുന്നത് ഒഴിവാക്കാനും ആയിരക്കണക്കിനാളുകളുടെ തൊഴിൽ സംരക്ഷിക്കാനുമാണ് നടപടിയെന്നും കമ്പനിയും വ്യക്തമാക്കുന്നു. കമ്പനിയുടെ ഫയലിങ് പ്രകാരം ഗോ ഫസ്റ്റിന്റെ മൊത്തം കടം 11,463 കോടി രൂപയാണ്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിമാനം വാടകയ്ക്ക് നല്‍കിയവര്‍ ഒക്കെ കൂടിയതാണിത്. ഇതു കൂടാതെ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്രെഡിറ്റ് സ്‌കീം പ്രകാരം 1292 കോടി രൂപ സര്‍ക്കാരില്‍ നിന്നും ഗോ ഫസ്റ്റ് വായ്പയെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്രയും ബാധ്യതകള്‍ വീട്ടാന്‍ മാത്രമുള്ള ആസ്തി കമ്പനിക്കില്ലെന്നാണ് ഫയലിങ്ങില്‍ നിന്ന് വ്യക്തമാകുന്നത്.

എയര്‍ലൈന്‍ സമര്‍പ്പിച്ച ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്(ഐപിഒ) രേഖകള്‍ പ്രകാരം 2020 ഡിസംബര്‍ വരെ മൊത്തം സാമ്പത്തിക ബാധ്യത 14,172 കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് കൂടുതല്‍ ഉയര്‍ന്നു. മൂന്ന് വര്‍ഷം മുമ്പ് ഒരു ഐപിഒ നിര്‍ദേശിച്ച കമ്പനി, കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും മാറ്റിവച്ചിരുന്നു. മുന്‍ വര്‍ഷത്തെ 870 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,804 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. തകരാറിലായവയ്ക്ക് പകരമുള്ള എൻജിനുകൾ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഗോ ഫസ്റ്റ് പറയുന്നു. അതേസമയം തുടര്‍ച്ചയായി പണം തിരിച്ചടവ് മുടങ്ങുന്നതാണ് എന്‍ജിന്‍ ലഭ്യമാക്കാത്തതിന് കാരണമായി അമേരിക്കന്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നത്. വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇടക്കാല മൊറട്ടോറിയം ആവശ്യപ്പെട്ടെങ്കിലും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് അനുസരിച്ച് അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നില്ലെന്ന് ഡല്‍ഹി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഗോ ഫസ്റ്റിനെ അറിയിച്ചിട്ടുണ്ട്.

ഗോ ഫസ്റ്റ് ഒമ്പതുവരെ സര്‍വീസുകള്‍ റദ്ദാക്കി

പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയർലൈൻസ് മേയ് 15 വരെ ടിക്കറ്റ് വില്പന നിർത്തിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് (എൻസിഎൽടി) അപേക്ഷ നൽകിയതിന് പിന്നാലെ ഡിജിസിഎയുടെ കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് ഗോ ഫസ്റ്റ് ഇക്കാര്യം അറിയിച്ചത്.
മേയ് ഒമ്പത് വരെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായും കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ചട്ടത്തിൽ പറയുന്ന സമയപരിധിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ചുനൽകണമെന്നും ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. പ്രതിദിനം 180 മുതല്‍ 185 വരെ സര്‍വീസുകള്‍ ഗോ ഫസ്റ്റിനുണ്ട്.

കുടിശിക തിരിച്ചുപിടിക്കാന്‍ എണ്ണക്കമ്പനികളും

ഗോ ഫസ്റ്റില്‍ നിന്ന് കിട്ടാനുള്ള ഇന്ധന കുടിശിക തിരിച്ചുപിടിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തുകയും, പാപ്പരത്ത ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ നടപടി കടുപ്പിച്ചിരിക്കുന്നത്.

കുടിശിക ലഭിക്കാന്‍ ബാങ്കുകളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഏകദേശം 5,000 കോടി രൂപയുടെ കുടിശികയാണ് വിമാന ഇന്ധനം വാങ്ങിയ ഇനത്തില്‍ ഗോ ഫസ്റ്റ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കാനുള്ളത്. ഈ തുക വീണ്ടെടുക്കാന്‍ ബാങ്കുകളിലുള്ള ഗോ ഫസ്റ്റിന്റെ ഗ്യാരന്റി പണം നേടിയെടുക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നീക്കം.

Eng­lish sum­ma­ry: The Fall of Go First; Banks worried

you may also like this video

Exit mobile version