Site icon Janayugom Online

പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയതില്‍ വീഴ്ച കേന്ദ്രത്തിനുതന്നെ

Punjab

പഞ്ചാബില്‍ പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംഭവിച്ചത് ഗുരുതര വീഴ്ച. ഇതു മറയ്ക്കാനാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്ന് വ്യക്തം. “ഭട്ടിന്‍ഡ എയര്‍പോര്‍ട്ട് വരെ എനിക്ക് ജീവനോടെ തിരിച്ചെത്താനായതില്‍ താങ്കളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക” എന്നായിരുന്നു സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനോട് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തിലായിരുന്നു ഒരു മുഖ്യമന്ത്രിയെക്കുറിച്ച് പ്രധാനമന്ത്രി വളരെ ഗുരുതരവും അധിക്ഷേപകരവുമായ അഭിപ്രായപ്രകടനം നടത്തിയത്.

മോഡി പറഞ്ഞതുപോലെ ജീവന് ഭീഷണിയുണ്ടായിരുന്നുവെങ്കില്‍ അത് കണ്ടെത്തുന്നതില്‍ കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ച് അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലേയ്ക്കു പോകുമ്പോള്‍. കാര്‍ഷിക കരിനിയമത്തിനെതിരായ പ്രക്ഷോഭം തുടങ്ങിയതും ഒരുവര്‍ഷത്തോളം നീണ്ടുനിന്നപ്പോള്‍ അതിന്റെ പ്രധാന ഭാഗമായതും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു എന്നതുകൊണ്ടുതന്നെ അവിടേയ്ക്കുള്ള സന്ദര്‍ശനം നിശ്ചയിക്കുമ്പോള്‍ എല്ലാവിധ സുരക്ഷാ പരിശോധനകളും പരിപാലനവും പൂര്‍ണമായും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അതിന് സഹായം നല്കുക മാത്രമാണ് സംസ്ഥാനത്തിന്റെ ചുമതല. കേന്ദ്ര ഏജന്‍സികള്‍ ആഴ്ചകള്‍ക്ക് മുമ്പുതന്നെ സംസ്ഥാനത്തെത്തി അക്കാര്യങ്ങള്‍ വിലയിരുത്തേണ്ടതും സജ്ജീകരണങ്ങള്‍ സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തേണ്ടതുമാണ്. കൂടാതെ പഞ്ചാബ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) യ്ക്ക് കൂടുതല്‍ അധികാരം നല്കിയത് ഒക്ടോബറിലായിരുന്നു. അവരും പ്രധാനമന്ത്രി അതിര്‍ത്തി സംസ്ഥാനത്തെത്തുമ്പോള്‍ സുരക്ഷാ ഉത്തരവാദിത്തമുള്ളവരാണ്.

പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതിനുവേണ്ടിയുള്ള സമരം തുടരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്, അത് രഹസ്യമായ കാര്യമല്ല. ബിജെപിയ്ക്കെതിരെ അവരുടെ പ്രതിഷേധമുണ്ടെന്നതും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ അറിയാവുന്നതാണ്. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രിയുടെ യാത്ര ഹെലികോപ്റ്ററിലാക്കിയത്. ഇവിടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷയൊരുക്കലാണ് സംസ്ഥാന പൊലീസിന്റെ ഉത്തരവാദിത്തം. പ്രധാനമന്ത്രി ഹെലികോപ്റ്ററിലെത്തി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ പെട്ടെന്നാണ് യാത്ര റോഡുമാര്‍ഗമാക്കിയത്. അതുതന്നെ ഗുരുതരവീഴ്ചയാണ്. യാത്ര തീരുമാനിക്കുന്ന വഴിയെ കുറിച്ചും സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും അന്വേഷിച്ചുമാത്രമേ യാത്രാ മാര്‍ഗം തീരുമാനിക്കാന്‍ പാടുള്ളൂ. അതിന് പകരം യാത്ര മാറ്റിയ ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്കെതിരെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നെങ്കില്‍, സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കേണ്ടതായിരുന്നില്ലേയെന്നാണ് വിദഗ്ധരുടെ ചോദ്യം. സ്വയം ഒരു ഇരയുടെ പ്രതീതി സൃഷ്ടിച്ച് പഞ്ചാബിലെ തെരഞ്ഞെടുപ്പ് നേട്ടമാണ് മോഡിയും കൂട്ടരും ഈ നാടകത്തിലൂടെ ലക്ഷ്യം വച്ചതെന്നും ആക്ഷേപമുണ്ട്.

Eng­lish Sum­ma­ry: The fall of the Prime Min­is­ter on the way to the cen­ter itself
You may like this video also

Exit mobile version