Site iconSite icon Janayugom Online

ബിജെപിക്ക് എതിരേയുള്ള പോരാട്ടം; ഒന്നിച്ചുനിന്നാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയും നിതീഷ് കുമാര്‍

രാജ്യത്തെ പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിച്ചു നിന്നാല്‍ ബിജെപിയെ നേരിടാന്‍ കഴിയുമെന്നും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. വിവിധ പ്രതിപക്ഷ നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായി സിപിഐഎം ആസ്ഥാനത്ത് എത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം,

തിരികെ വീണ്ടും പാര്‍ട്ടി ഓഫീസിലെത്തിയതിന് നന്ദിയുണ്ടെന്നും നിതീഷ് കുമാറിന്റെ സന്ദര്‍ശനം സ്വാഗതം ചെയ്യുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ വിവിധ സ്ഥലങ്ങളിലാണെങ്കിലും ഏറെനാളുകള്‍ ഒരുമിച്ച് കൂടിയവര്‍ തന്നെയാണ്. നമ്മള്‍ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതാകും മികച്ച തീരുമാനമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നിച്ചു നിന്നാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.ബിജെപിയുമായി സഖ്യത്തില്‍ നിന്ന് പിന്മാറിയ ശേഷം നിതീഷ് കുമാര്‍ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു.

കേന്ദ്രത്തില്‍ നിന്നും ബിജെപി സര്‍ക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2024ലെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ബിജെപിയെ താഴെയിറക്കാന്‍ പുതിയ നീക്കങ്ങളുമായി നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിഹാറില്‍ നിന്നും ബിജെപിയുമായി നിതീഷ് കുമാര്‍ സഖ്യമൊഴിഞ്ഞതോടെ ബിജെപി തന്ത്രത്തിന്റെ രുചി അവര്‍ തന്നെ അറിഞ്ഞുവെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. 

മഹാരാഷ്ട്രയിലെ മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.അധികാരമേറ്റതിന് പിന്നാലെ നിതീഷ് കുമാര്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡിരാജ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.അതേസമയം ജെഡിയുവുമായി അകല്‍ച്ച തുടരാനാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. നിതീഷ് കുമാര്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തും.

Eng­lish Sum­ma­ry: The fight against the BJP; Nitish Kumar if we stand togeth­er we can achieve great things

You may also like this video:

Exit mobile version