Site iconSite icon Janayugom Online

തകരാര്‍ പരിഹരിച്ച് യുദ്ധവിമാനം ബ്രിട്ടനിലേക്ക് മടങ്ങി

ഒരു മാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 ബി യുദ്ധവിമാനം സ്വന്തം രാജ്യത്തേക്ക് മടങ്ങി. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് പരീക്ഷണ പറക്കലിന് ശേഷമാണ് വിമാനം മടങ്ങിയത്. ഇന്ന് രാവിലെ 9.30ന് എയര്‍ ‍ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കി. 10.45 ഓടെ വിമാനം തിരിച്ചുപോയി. ഓസ്ട്രേലിയയിലെ ഡാര്‍വിൻ വിമാനത്താവളത്തിലിറങ്ങിയ ശേഷമാകും ബ്രിട്ടനിലേക്കുള്ള വിമാനത്തിന്റെ യാത്ര.
വിമാനത്തിന് തിരുവനന്തപുരത്ത് നല്‍കിയ ആതിഥ്യത്തിന് പൈലറ്റ് ക്യാപ്റ്റന്‍ മാര്‍ക്ക് നന്ദി പറഞ്ഞു. വിമാനത്തിൽ കയറുന്നതിന് മുമ്പ് അറ്റകുറ്റ പണിക്കായി ഹാങ്ങറിൽ എത്തിച്ചിരുന്ന ബേർഡ് എന്ന കമ്പനിയുടെ ജിവനക്കാർക്കും ക്യാപ്റ്റൻ സല്യൂട്ട് നൽകി. രാജ്യം നൽകിയ സേവനത്തെയും ആതിഥ്യ മര്യാദയെയും മഹത്തരം എന്നാണ് ക്യാപ്റ്റൻ വിശേഷിപ്പിച്ചത്. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിന് എത്തിച്ച ഉപകരണങ്ങൾ അടുത്ത ദിവസം എയർബസ് അറ്റ്ലസ് വിമാനത്തിൽ തിരിച്ചു കൊണ്ടുപോകും.

അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിൽനിന്നു പറന്നുയർന്ന ബ്രിട്ടിഷ് നാവികസേനയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് ആണ് ജൂൺ 14ന് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സിലറി പവർ യൂണിറ്റിനും തകരാർ കണ്ടെത്തിയത്. ഇതോടെ കപ്പലിൽ നിന്ന് വിദഗ്ധർ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പിന്നീട് വിമാനത്തെ ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റി ബ്രിട്ടനില്‍ നിന്ന് വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിക്കുകയായിരുന്നു. 

Exit mobile version