ഷാഫി പറമ്പിലിൽ എംപിയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഡിജിപിക്ക് പരാതി നൽകി. ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനൽ സംഘം വളർന്നു കൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. അധികാരവും പണവും ദുർവിനിയോഗം ചെയ്ത് കൊണ്ട് അനധികൃതമായി പ്രവർത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വേളയിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം നേരിട്ടിരുന്നു. അത് പോലെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2.40 കോടി രൂപ ദുരിത ബാധിതർക്ക് പിരിച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ രാഹുൽമാങ്കൂട്ടത്തിൽ എംഎല്‍എ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ദുരന്തബാധിതർക്ക് വേണ്ടി പിരിച്ച കോടികളെ സംബന്ധിച്ച് ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്‌ട്രീയ പരിശീലന ക്യാമ്പിൽ വിമർശനമുയർന്നപ്പോൾ പല നേതാക്കളും ഫണ്ട് പിരിവിന്റെ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ നേതൃത്വം തയ്യാറായില്ല.
വിവിധ നിയോജകമണ്ഡലം കമ്മിറ്റികൾ ചേർന്ന് പിരിച്ചുനൽകാൻ തീരുമാനിച്ച 2.40 കോടിയിൽ 88 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണം ശക്തമാണ്. 1988 ലെ അഴിമതി തടയൽ നിയമ പ്രകാരമുള്ള ഗുരുതര കുറ്റകൃത്യമാണ് ഇവിടെ നടത്തിയിരിക്കുന്നത്.അത് കൊണ്ട് തന്നെ പ്രസ്തുത നിയമ പ്രകാരം വിഷയത്തിൽ കേസ് എടുക്കേണ്ടതുണ്ട്. ഏറ്റവും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്നെതിരെ ഉയരുന്ന സ്‌ത്രീകളുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലും പണവും സ്വാധീനവും ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.
അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്പത്തിക താത്‌പര്യങ്ങളുമാണ് ഈ സംഘത്തെ നയിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നിരവധിപേർ പരാതി നൽകിയിട്ടുണ്ട്. എംഎൽഎയായതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹമാണ് എന്നാണ് പരാതി. ഇടപാടുകൾക്ക് പിന്നിൽ ഷാഫി പറമ്പിലിനും പങ്കെന്നും ആക്ഷേപമുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെക്കാണ് പരാതികൾ നൽകിയത്. എന്നാൽ ഇതിനെ സംബന്ധിച്ച മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ആരോപണം ഇവർ നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആയതിനാൽ വിഷയത്തിൽ ഇടപ്പെട്ട് ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും ജിസ്‌മോൻ നൽകിയ പരാതിയിൽ പറയുന്നു.

