Site iconSite icon Janayugom Online

ട്രെയിനില്‍ തീവെച്ച സംഭവം; അന്വേഷണസംഘം നോയിഡയില്‍

picture jpicture j

എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീവെച്ച സംഭവത്തില്‍ പ്രതിയെ തേടി പൊലീസ് നോയിഡയില്‍. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് അന്വേഷണ സംഘം നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. 

കേസിന്റെ പ്രത്യേക അന്വേഷണത്തിനായി 18 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എഡിജിപി അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ സംഘത്തില്‍ ക്രൈം ബ്രാഞ്ച് ലോക്കല്‍ പൊലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുളളത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി ബെന്നി, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റെയില്‍വേ ഇന്‍സ്‌പെക്ടര്‍മാരും ലോക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും ടീമിലുണ്ട്.

അതേസമയം എലത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം ദേശീയപാതയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമി തീയിട്ട രണ്ട് ബോഗികളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള ഫൊറന്‍സിക് സംഘമാണ് പരിശോധന നടത്തിയത്. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തിയത്.

ഡി1 ബോഗിയിലാണ് കൂടുതലും പെട്രോളൊഴിച്ച് കത്തിച്ചതിന്റെ പാടുകളുണ്ടായിരുന്നത്. ഈ കോച്ചിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള സീറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഡി2 കോച്ചില്‍ കണ്ടെത്തിയ രക്തക്കറ അക്രമിയുടേതാണോ ആക്രമണത്തില്‍ പരുക്കേറ്റവരുടേതാണോ എന്ന് ഫൊറന്‍സിക് പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയും.

പ്രതി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഷെഹറുഫ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു ട്രെയിനില്‍ അക്രമം നടന്നത്. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു.തുടര്‍ന്ന് ട്രെയിനില്‍ നിന്ന് അക്രമി ഓടിരക്ഷപ്പെട്ടിരുന്നു.

Eng­lish Summary;The fire inci­dent in the train; Inves­ti­ga­tion team in Noida

You may also like this video

Exit mobile version