മൂന്നാമത്തെ സമുദ്ര പരീക്ഷണത്തിനായി രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് വീണ്ടും കടലിലേക്ക്. കൊച്ചി കപ്പൽശാലയിൽ നങ്കൂരമിട്ട് കിടക്കുന്ന വിമാനവാഹിനി പത്തു ദിവസം നീളുന്ന പരീക്ഷണങ്ങൾക്കായി ഇന്ന് ഉൾക്കടലിലേക്ക് പുറപ്പെടും. ഓഗസ്റ്റിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് കമ്മിഷൻ ചെയ്യുന്ന വിമാനവാഹിനിയ്ക്ക് മൊത്തം ആറ് സമുദ്ര പരീക്ഷണങ്ങളാണ് പൂർത്തിയാക്കാനുള്ളത്.
കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് നാലു മുതൽ എട്ടു വരെയായിരുന്നു ആദ്യ സമുദ്ര പരീക്ഷണം. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്റ്റോബർ 24നു വീണ്ടും സമുദ്ര പരീക്ഷണത്തിനു കടലിൽ പോയ ഐഎൻഎസ് വിക്രാന്ത് നവംബർ രണ്ടിനു തിരികെയെത്തി. രണ്ടു തവണയായി ഇതുവരെ 16 ദിവസം സമുദ്രപരീക്ഷണം പൂർത്തിയാക്കി.
സമുദ്രപരീക്ഷണങ്ങളിലൂടെ ഘട്ടംഘട്ടമായി വിമാനവാഹിനിയുടെ പൂർണ പ്രവർത്തനക്ഷമതയാണ് പരീക്ഷിക്കുന്നത്. ഏകദേശം രണ്ടായിരത്തോളം നാവികരും സാങ്കേതിക വിദഗ്ധരുമായിട്ടാണ് സമുദ്രപരീക്ഷണം നടത്തുന്നത്. ഈ കാലയളവിൽ ആരെയും വിമാനവാഹിനിയിൽ നിന്നു പുറത്തേക്ക് പോകാൻ അനുവദിക്കില്ല.
ആദ്യ രണ്ടു ഘട്ടങ്ങളിലായി ഗ്യാസ് ടർബൈൻസ്, മെയിൻ ഗിയർബോക്സസ്, ഷാഫ്റ്റിങ് ആൻഡ് കൺട്രോളബിൾ പിച്ച് പ്രൊപ്പല്ലേഴ്സ്, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, വാർത്താവിനിമയ സംവിധാനം, പ്രൊപ്പൽഷൻ മിഷനറി, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് സ്യൂട്ട്സ്, ഡെക്ക് മിഷനറി, ജീവൻരക്ഷാ സംവിധാനങ്ങൾ, ഷിപ്പ് സിസ്റ്റംസ് എന്നിവയുടെ പ്രവർത്തനക്ഷമത വിലയിരുത്തി. ഇവയുടെ പ്രവർത്തനങ്ങൾ പൂർണതൃപ്തികരമെന്നാണ് നാവികസേനയുടെ വിശദീകരണം.
ഇത്തവണ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലാബറട്ടറി, വിശാഖപട്ടണത്തെ ഡിആർഡിഒ ലാബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രജ്ഞർ എന്നിവർ ഒപ്പമുണ്ട് . ഓഗസ്റ്റിൽ കമ്മിഷൻ ചെയ്ത ശേഷമായിരിക്കും യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും മിസൈലുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ആയുധങ്ങളും വിമാനവാഹിനിയിൽ വിന്യസിക്കുക. ഇതുവരെ യുദ്ധവിമാനങ്ങൾ വിമാനവാഹിനിയിൽ ഇറങ്ങിയിട്ടില്ലെങ്കിലും വിക്രാന്തിന്റെ ഫ്ലൈറ്റ്ഡെക്കിൽ സൈനിക ഹെലികോപ്റ്ററുകൾ ലാൻഡ് ചെയ്തിട്ടുണ്ട്.
english summary; The first aircraft carrier INS Vikrant returns to sea
you may also like this video;