Site iconSite icon Janayugom Online

കാതല്‍ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വിശേഷാല്‍ സമ്മേളനം

ന്ത്യൻ പാർലമെന്റിന്റെ പഞ്ചദിന വിശേഷാൽ സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. അജണ്ട എന്തെന്ന് പ്രതിപക്ഷവുമായി ആലോചനകളൊന്നും കൂടാതെയാണ് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഓഗസ്റ്റ് 31ന് സമൂഹ മാധ്യമമായ ‘എക്സ്’ വഴി വിശേഷാൽ സമ്മേളനം പ്രഖ്യാപിച്ചത്. അജണ്ടയെ സംബന്ധിച്ച് പരാമർശം ഇല്ലാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ചില സൂചനകൾ പുറത്തുവന്നിട്ടുണ്ട്. അവയിൽ ഭരണഘടനാ നിർമ്മാണ സഭയായ ലെജിസ്ലേറ്റീവ് അസംബ്ലി മുതലുള്ള പാർലമെന്റിന്റെ 75 വർഷങ്ങളെപ്പറ്റിയുള്ള ചർച്ച, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള പാനൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സേവനവ്യവസ്ഥകൾ തരംതാഴ്ത്തുക എന്നിവ സംബന്ധിച്ച നിയമഭേദഗതി തുടങ്ങിയവയാണ് ഉൾപ്പെട്ടിട്ടുള്ളത്. അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ്, മണിപ്പൂര്‍ വംശീയ കലാപം തുടങ്ങിയവ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാൽ സനാതനധർമ്മം, രാജ്യത്തിന്റെ പേരുമാറ്റം തുടങ്ങിയ വിവാദവിഷയങ്ങൾ ഉന്നയിച്ച് രാഷ്ടത്തിന്റെയും ജനങ്ങളുടെയും കാതൽ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ പതിവുപോലെ ഭരണകക്ഷി ശ്രമം നടത്തുമെന്ന് ഉറപ്പാണ്. മണിപ്പൂർ വംശീയ കലാപം, ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപം, ജനജീവിതം താറുമാറാക്കിയ വിലക്കയറ്റവും പണപ്പെരുപ്പവും, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ചർച്ചയ്ക്കെടുക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യം ശക്തമായ നിലപാടെടുക്കും. പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനമായിരിക്കും ഇതെന്ന പൊതുധാരണ ശക്തമാണ്. നിലവിലുള്ള പാർലമെന്റ് മന്ദിരത്തിൽനിന്നും സമ്മേളനങ്ങൾ പുതിയ മന്ദിരത്തിലേക്ക് മാറ്റുന്നതിനും ഈ സമ്മേളനം സാക്ഷ്യംവഹിക്കുമെന്ന സൂചനയും ശക്തമാണ്.


ഇത് കൂടി വായിക്കൂ: ഒരു ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല | JANAYUGOM EDITORIAL


ലോക്‌സഭ മുതൽ പഞ്ചായത്തുവരെ ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എ ന്ന ആശയവുമായി മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം സെപ്റ്റംബർ 23നാണ് ചേരാൻ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതുസംബന്ധിച്ച നിയമനിർമ്മാണം ഈ സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നില്ല. എന്നാൽ വിഷയം ഈ സമ്മേളനത്തിന്റെ ചർച്ചകളിൽ ഭരണകക്ഷി സജീവമാക്കുമെന്നുവേണം കരുതാൻ. പാർലമെന്റിന്റെ 75 വർഷം ചർച്ച, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേരുമാറ്റം, സനാതന ധർമ്മം തുടങ്ങിയ വിവാദവിഷയങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നുവേണം അനുമാനിക്കാൻ. അതിന്റെ പേരിൽ സഭകളിൽ ഉണ്ടായേക്കാവുന്ന പ്രക്ഷുബ്ധ അന്തരീക്ഷം മുതലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ ഭേദഗതിയടക്കം വിവാദ ബില്ലുകൾ പാസാക്കുകയാണ് ബിജെപിയുടെ തന്ത്രം. സഭയിൽ ഏതുവിഷയം ചർച്ചചെയ്യാനും ഭരണകക്ഷി സന്നദ്ധമാണെന്ന് പറയുമ്പോഴും മണിപ്പൂരും നൂഹുമടക്കം ബിജെപിയുടെ തനിനിറം രാജ്യത്തിനുമുന്നിൽ തുറന്നുകാട്ടാൻ ഉതകുന്ന ഒരു ചർച്ചയ്ക്കും അവർ സന്നദ്ധമാകുമെന്ന് കരുതുക വയ്യ. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ചുള്ള ചർച്ച വിവാദവും വിഭാഗീയതയും ലക്ഷ്യംവച്ചുള്ളതാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഭേദഗതിബിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പുതന്നെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണവും അതിന്റെ ഹ്രസ്വകാലത്തെ പ്രവർത്തനവും ബിജെപിയിലും മോഡിയടക്കം അതിന്റെ നേതൃത്വത്തിലും സൃഷ്ടിച്ചിട്ടുള്ള പരിഭ്രാന്തി പ്രകടമാണ്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് പുറമെ കിഴക്കൻ ലഡാക്കിലെ രാജ്യാതിർത്തിയില്‍ ചൈനീസ് കടന്നുകയറ്റവും പ്രതിപക്ഷം സമ്മേളനത്തിൽ ഉയർത്തും. നിശബ്ദതകൊണ്ടും നിഷേധംകൊണ്ടും മറച്ചുപിടിക്കാവുന്നതല്ല രാജ്യസുരക്ഷയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളി നേരിടുന്നതിൽ മോഡി ഭരണകൂടത്തിന്റെ പരാജയം.


ഇത് കൂടി വായിക്കൂ:മണിപ്പൂർ ഉയർത്തുന്ന ആശങ്കകൾ | JANAYUGOM EDITORIAL


ബിജെപിയുടെ പരാജയം ഏതാണ്ട് ഉറപ്പായിട്ടുള്ള അഞ്ച് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കെ പാർലമെന്റിന്റെ മറ്റൊരു സമ്മേളനം ചേരുന്നത് മോഡിഭരണത്തിന്റെ പരാജയം രാജ്യത്തിന്റെ മുന്നിൽ തുറന്നുകാട്ടാൻ പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന വിമർശനം ആർഎസ്എസ് തന്നെ ആവർത്തിച്ചുന്നയിച്ചിട്ടുണ്ട്. അഡാനി ഗ്രുപ്പിന്റെ തട്ടിപ്പുകൾ കള്ളപ്പണത്തിന്റെ പറുദീസയായ മൗറീഷ്യസ് പോലും കണ്ടെത്തി നടപടികൾ സ്വീകരിച്ചിട്ടും ഇന്ത്യൻ റെഗുലേറ്ററും സർക്കാരും നിശബ്ദത പാലിക്കുന്നതും സുപ്രീം കോടതിക്കും ജനങ്ങൾക്കും അവഗണിക്കാനാവില്ല. അത്തരം വിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നതിന് അവസരം നിഷേധിക്കുകകൂടിയാണ് വിശേഷാൽ സമ്മേളനംവഴി ബിജെപി ശ്രമിക്കുന്നത്. ഈ വസ്തുതകൾ ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ കടന്നാക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴത്തെ സമ്മേളനം പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനമാണെങ്കിൽ തുടർന്ന് വരാൻപോകുന്നത് സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടിയുള്ള ഉഗ്ര പോരാട്ടമായിരിക്കും.

Exit mobile version