ഉപതെരഞ്ഞെടുപ്പുകൾ മൂന്നും കഴിഞ്ഞശേഷം അങ്കം കുറിക്കാൻ അവധിക്ക് വച്ചിരുന്ന കേരളാ ബിജെപിയിലെ സുരേന്ദ്ര വിരുദ്ധ പക്ഷക്കാർ അതിനുള്ള നീക്കം തകൃതിയാക്കി. കുന്തമുന മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് പ്രസിഡന്റിനെത്തന്നെ. സംഘടനാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ താഴെയിറക്കാൻ കരുനീക്കങ്ങൾ കാലേക്കൂട്ടി തുടങ്ങിയിരുന്ന എതിർചേരികൾക്ക്, ഉപതെരഞ്ഞെടുപ്പ് വേളയിൽ വീണുകിട്ടിയ കരുക്കളൊക്കെ വലിയ മുതൽക്കൂട്ടായിരിക്കുകയാണ്. അസ്ഥാനത്ത് പ്രശ്നങ്ങൾ ഉടലെടുത്തതിന്റെ പേരിൽ ദേശീയ നേതൃത്വത്തിന്റെ നീരസവും സംസ്ഥാന നേതൃത്വത്തിന് നേരെയുണ്ട്. അതും തങ്ങളുടെ പണി എളുപ്പമാക്കി എന്ന പ്രതീക്ഷയിലാണ് സുരേന്ദ്രവിരുദ്ധ വിഭാഗങ്ങൾ.
ഇടന്തടിച്ചു നിന്ന പാർട്ടി വക്താവും സംസ്ഥാനക്കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യരെ മെരുക്കാൻ ആർഎസ്എസ് ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സംസ്ഥാന അധ്യക്ഷന്റെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുകയായിരുന്നുവെന്ന അമർഷം അവർക്കുമുണ്ട്. ഇരുത്തംവന്ന ഇടപെടൽ സുരേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായില്ല. അത്, സന്ദീപിന്റെ പുറത്തേക്കുള്ള പോക്കിന് ആക്കം കൂട്ടി.
അധ്യക്ഷസ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ താഴെയിറക്കാൻ, മറ്റ് ഗ്രൂപ്പുകളിൽപ്പെടാതെ സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേരത്തേ തന്നെ ശക്തിയായി നീങ്ങിയിരുന്നു. സന്ദീപ് പുറത്തുപോയെങ്കിലും കൂട്ടാളികൾ മുൻ ലക്ഷ്യവുമായി ഇപ്പോഴും സജീവമാണ്. ഇതിനുപുറമെയാണ്, പി കെ കൃഷ്ണദാസ് — ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ. പ്രത്യക്ഷത്തിൽ ഒന്നിലും ഇടപെടാതെ നിന്ന് സംഘടനാ തെരഞ്ഞെടുപ്പ് അനുകൂലമാക്കുക എന്ന തന്ത്രമാണ് കൃഷ്ണദാസ് പക്ഷം പയറ്റുന്നത്. എന്നാൽ, പരസ്യമായി ഒരു കൈ നോക്കാൻ തന്നെയാണ് ശോഭാ സുരേന്ദ്രൻ ചേരിയുടെ തീരുമാനം. സംസ്ഥാന അധ്യക്ഷയാകാൻ തനിക്കെന്താണ് അയോഗ്യത എന്ന ചോദ്യം പരസ്യമായുയർത്തി ശോഭ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നുമുണ്ട്.
ഉപതെരഞ്ഞെടുപ്പ് സമയത്ത് ദേശീയ നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും കണ്ണിലെ കരടാകാതിരിക്കാൻ സുരേന്ദ്രനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ നിന്ന് തലവലിച്ചിരുന്ന ഗ്രൂപ്പുകൾ ഇനി അക്കാര്യങ്ങളുയർത്തി കലഹത്തിന് തീ കൊളുത്തുമെന്നുറപ്പ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്ന സന്ദീപ് വാര്യരുടെ ഭീഷണിയും സുരേന്ദ്ര പക്ഷത്തിന്റെ നെഞ്ചിടിപ്പേറ്റുന്നു. പാലക്കാട്ടെ ശ്രീനിവാസൻ വധത്തില്‍ യുഎപിഎ ചുമത്തിയ പ്രതികൾക്ക് ജാമ്യം കിട്ടിയതെങ്ങനെ എന്ന സന്ദീപ് വാര്യരുടെ ചോദ്യം ബിജെപി സംസ്ഥാന നേതൃത്വത്തെ ഇതിനകം തന്നെ വെട്ടിലാക്കിക്കഴിഞ്ഞിരിക്കയാണ്.