കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാനം റദ്ദ് ചെയ്തതിനെ തുടർന്ന് ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നത് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി വി രാധാകൃഷ്ണനും ഭാര്യ ഭാരതി രാധാകൃഷ്ണനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിച്ചുവരുന്ന ഒമാൻ എയർവേയ്സിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ടിക്കറ്റ് ചാർജ് 13114 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 5000 രൂപയും ഹർജി തിയ്യതി മുതൽ 9 ശതമാനം പലിശയും നൽകുവാൻ വിധിയായത്.
കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ടിക്കറ്റുകളാണ് എടുത്തിരുന്നതു്. കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്ക് യാത്ര ചെയ്തുവെങ്കിലും, അവിടെ നിന്ന് തിരിച്ചുള്ള യാത്ര വിമാനം റദ്ദ് ചെയ്തതിനാൽ സാധ്യമായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് വിധി പറഞ്ഞത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.എ ഡി ബെന്നി ഹാജരായി.
English Summary: The flight was cancelled; Judgment to pay ticket charge and Rs.10,000
You may also like this video