ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. പൂരം നിലച്ചയുടനെ സുരേഷ് ഗോപിയെ ആംബുലൻസിൽ കയറ്റി എത്തിച്ചതു ദുരൂഹമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി എസ് സുനിൽ കുമാറും ആരോപിച്ചിരുന്നു. രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.