മൂന്നാറില്‍ വീണ്ടും കടുവകളുടെ സാന്നിധ്യം. മാട്ടുപ്പെട്ടി ആര്‍ ആന്റ് റ്റി എസ്റ്റേറ്റിലാണ് തൊഴിലാളി കടുവകളെ നേരില്‍ കണ്ടത്. കാല്‍പ്പാടുകള്‍ കണ്ടെത്തി കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ജോലികഴിഞ്ഞ് മടങ്ങിയെത്തിയ എസ്റ്റേറ്റ് വാച്ചര്‍ സുരേഷാണ് ജനവാസ മേഖലയിലൂടെ മൂന്ന് കടുവകള്‍ കടന്നുപോകുന്നത് ഇന്നലെ രാവിലെ കണ്ടത്. സുരേഷ് മാറിനിന്നു. തുടര്‍ന്ന് കടുവകള്‍ സമീപത്തെ കാട്ടിലേയ്ക്ക് മറയുകയും ചെയ്തതായി സുരേഷ് പറഞ്ഞു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ച് ഓഫീസർ എസ് ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകളില്‍ നിന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. വിവിധ വലുപ്പത്തിലുള്ള മൂന്ന് കടുവകളാണെന്നും കടുവകളെ നിരീക്ഷിക്കാന്‍ ആര്‍ ആര്‍ ടിയുടെ രണ്ട് സംഘത്തെ നിയോഗിച്ചതായും റേഞ്ച് ഓഫീസർ അറിയിച്ചു.
മൂന്ന് ദിവസത്തേക്ക് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരം ഏഴുമണിക്ക് ശേഷം പുറത്തിറങ്ങരുതെന്നും വനം വകുപ്പ് തോട്ടം തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു. അതേ സമയം കടുവകളെ നിരീക്ഷിക്കാന്‍ ആര്‍ ആര്‍ ടി സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത സാഹചര്യവും ഉണ്ട്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാറിന്റെ വിവിധ മേഖലകളില്‍ കടുവയുടെ അക്രമണത്തില്‍ ഇരുനൂറിലധികം വളര്‍ത്ത് മൃഗങ്ങളാണ് ചത്തത്.

