Site icon Janayugom Online

മഞ്ഞക്കൊന്ന അധിനിവേശത്തിനെതിരെ വനംവകുപ്പിന്റെ യുദ്ധം തുടങ്ങി

forest

വനത്തിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായ മഞ്ഞക്കൊന്ന നിർമ്മാർജ്ജന നടപടികൾ വയനാട് വന്യജീവി സങ്കേതത്തിൽ പുരോഗമിക്കുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് സാമൂഹിക വനവൽക്കരണ വിഭാഗം നട്ടുവളർത്തിയ തൈകളാണ് കാടിന് വിപത്തായി മാറിയത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളിൽ 28 മീറ്റർ വരെ ഉയരത്തിൽ കുടയുടെ ആകൃതിയിൽ വളരുന്ന സസ്യമാണ് മഞ്ഞക്കൊന്ന. വനത്തിനുളളിലെ അടിക്കാടുകളെ പൂർണമായും നശിപ്പിക്കുന്നതിനാൽ വന്യമൃഗങ്ങൾക്കുളള തീറ്റ ഇല്ലാതാകുന്നു. 

മുത്തങ്ങ, ബത്തേരി, തോൽപ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകൾ ഉൾപ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതിൽ കുറിച്യാട് ഒഴികെ റേഞ്ചുകളിൽ മഞ്ഞക്കൊന്ന വ്യാപകമായി വളരുന്നുണ്ട്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളിലായി നൂറുകണക്കിന് എക്കർ നൈസർഗിക അടിക്കാടാണ് മഞ്ഞക്കൊന്ന മൂലം നശിച്ചത്. 

വെട്ടിമാറ്റുന്നവ തളിർത്ത് വരുന്നതിനാൽ അപ്റൂട്ടിങ്ങും ബാർക്കിങ്ങും നടത്തി പൂർണമായി നശിപ്പിച്ചാൽ മാത്രമേ സ്വാഭാവിക വനത്തിന് നിലനിൽപ്പ് ഉണ്ടാകൂ. മഞ്ഞക്കൊന്ന പൂർണമായും നിർമാർജ്ജനം ചെയ്യണമെങ്കിൽ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും വേണ്ടിവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
കാടിനും ജീവജാലങ്ങൾക്കും വലിയ ഭീഷണിയായ മഞ്ഞക്കൊന്നകളിൽ ചെറുകിളികൾ പോലും വന്നിരിക്കാറില്ല. അത്രമാത്രം വിഷാംശം നിറഞ്ഞതാണ് ഇവയെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇത് വളരുന്ന സ്ഥലങ്ങളിൽ ജലസ്രോതസുകളും വലിയ തോതിൽ കുറയുന്നതായാണ് പഠനം. കൊന്നയുടെ തോൽ ചെത്തിനീക്കി ഉണക്കുന്ന പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. വളർച്ചയെത്തിയ തടിയിലെ തോൽ ഒരു മീറ്റർ ഉയരത്തിൽ ചെത്തിനീക്കി ഉണക്കുക (ബാർക്കിങ്)യാണ് ചെയ്യുക. അഞ്ച് മീറ്ററോളം ഉയരമുള്ളവയെയാണ് ഇങ്ങനെ ചെയ്യുന്നത്. വലിയ മരങ്ങളെ വേരോടെ പിഴുതു മാറ്റാനുള്ള (അപ്റൂട്ടിങ്) പദ്ധതിയും ആലോചനയിലാണ്. ഇതിനായി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനി വനം വകുപ്പുമായി ചര്‍ച്ചനടത്തിയിരുന്നു.

വനം വകുപ്പിന്റെ നിര്‍ദേശം അംഗീകരിച്ചാൽ പ്ലൈവുഡ് നിർമ്മാണത്തിനായി മഞ്ഞക്കൊന്ന മുറിച്ച് മാറ്റാൻ ഇവരെ അനുവദിക്കാനാണ് തീരുമാനം. എന്നാൽ കാട്ടിലേക്ക് ലോറികൾ കയറ്റുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമ്മതം നല്കാത്തത് കരാർ ഏറ്റെടുക്കാൻ വൈകിക്കുന്നതായി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനി പറയുന്നു. കർണാടകത്തിലെ ബന്ദിപ്പൂർ, നാഗർഹോള, കാവേരി, നൂഗു, തമിഴ്‌നാട്ടിലെ മുതുമല എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിൽ അധിനിവേശ സസ്യങ്ങൾ കൂടുതലുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. 

Eng­lish Sum­ma­ry: The for­est depart­men­t’s war against the Man­jakkon­na inva­sion has begun

You may like also like this video

Exit mobile version