Site iconSite icon Janayugom Online

വിവാഹാലോചന സംസാരിക്കാൻ വിളിച്ചുവരുത്തി, എത്തിയത് അമ്മയ്ക്കും അച്ഛനുമൊപ്പം; കാമുകിയുടെ വീട്ടുകാർ യുവാവിനെ അടിച്ച് കൊലപ്പെടുത്തി

വിവാഹാലോചന ചർച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ യുവതിയുടെ വീട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തി. പുനെക്കടുത്തുള്ള പിംപ്രി ചിഞ്ച്‍വാഡിയിലാണ് സംഭവം. വിവാഹകകാര്യം സംസാരിക്കാനാണെന്ന് വ്യാജേന വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞു. 26കാരനായ രാമേശ്വർ ഗെങ്കാട്ട് ആണ് മരിച്ചത്. ജൂലൈ 22നായിരുന്നു സംഭവം. കേസിൽ സ്ത്രീയുടെ പിതാവ് ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. എല്ലാവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

രാമേശ്വർ ഗെങ്കാട്ടിനെ മർദിച്ച് കൊലപ്പെടുത്തിയതിന് സ്ത്രീയുടെ പിതാവ് പ്രശാന്ത് സർസാർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തെന്നും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും സാങ്‌വിയിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര കോലി പറഞ്ഞു. രാമേശ്വറിന് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ സ്ത്രീയുടെ കുടുംബം അവരുടെ വിവാഹത്തെ എതിർത്തിരുന്നു.

രാമേശ്വറിനെതിരെ പോക്‌സോ കേസുകളും ഉണ്ടായിരുന്നു. എന്നാൽ രാമേശ്വറിനെ തന്നെ വിവാ​ഹം ചെയ്യണമെന്ന ആവശ്യത്തിൽ യുവതി ഉറച്ചുനിന്നതിനാൽ, വീട്ടുകാർ വിവാഹാലോചന ചർച്ച ചെയ്യാൻ രാമേശ്വറിനെ വിളിച്ചതായി പൊലീസ് പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമാണ് യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്. രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ, സ്ത്രീയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഈ അടിയേറ്റ് രാമേശ്വറിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version